തിരുവനന്തപുരം: സൈനിക ഉദ്യോഗസ്ഥനെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസുദ്യോഗസ്ഥന് അധികാരമുണ്ടോ? കിളികൊല്ലൂര്‍ സംഭവത്തിന്റ പശ്ചാത്തലത്തില്‍ കേരള സമൂഹത്തില്‍ ഉയര്‍ന്നിരിക്കുന്ന വലിയ ചോദ്യമാണിത്.
ഒറ്റവാക്കില്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം. 1973ലെ ക്രിമിനല്‍ പ്രൊസിജിയര്‍ കോഡ്(സിപിസി) യിലെ 45(1) പ്രകാരം ഡ്യൂട്ടിക്കിടെ ഒരു സൈനിക ഉദ്യോഗസ്ഥന്‍ ഒരു കുറ്റം ചെയ്‌താല്‍ സാധാരണ പൊലീസുകാരന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അധികാരമില്ല. ഇനി അങ്ങനെ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
ഇത്തരത്തില്‍ പൊലീസിന് അധികാരമില്ലെങ്കില്‍ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ അറസ്‌റ്റ് സാധ്യമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിന്റെ ഉത്തരവും സാധ്യമല്ല എന്ന് തന്നെയാണ്. 1973ലെ സിപിസി 197(2) ചട്ടപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം അറസ്റ്റും സാധ്യമല്ല.
എന്നാല്‍ ചില കേസുകളില്‍ ഇത്തരം അനുമതി ആവശ്യമില്ലാതെ തന്നെ പൊലീസിന് സൈനിക ഉദ്യോഗസ്ഥനെ അറസ്‌റ്റ് ചെയ്യാനാകും. 1950ലെ കരസേനാ നിയമത്തിലെ സെക്ഷന്‍ 70ാം ചട്ടപ്രകാരവും 1950ലെ വ്യോമസേനാ ചട്ടത്തിലെ 72ാം വകുപ്പ് പ്രകാരവും 1978ലെ തീരസംരക്ഷണ നിയമത്തിലെ 50ാം വകുപ്പ് പ്രകാരവും കൊലപാതകം, കരുതിക്കൂട്ടിയുള്ള നരഹത്യ, ബലാത്സംഗം, തുടങ്ങിയ കേസുകളില്‍ ഇര സാധാരണ പൗരനാണെങ്കില്‍ പൊലീസിന് അറസ്റ്റ് ചെയ്യാനാകും. എന്നാല്‍ ഇര സൈനികനാണെങ്കില്‍ സൈനിക പൊലീസിനാണ് അറസ്റ്റ് ചെയ്യാനുള്ള അധികാരം. സൈനിക കോടതികളില്‍ മാത്രമാണ് ഇത്തരം കേസുകളുടെ വിചാരണ നടക്കുക. കോര്‍ട്ട് മാര്‍ഷല്‍ എന്ന സൈനിക നടപടിയിലൂടെ ഇവര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്യും.
മറ്റ് സാഹചര്യത്തില്‍ രാജ്യത്തിനകത്തോ പുറത്തോ വച്ച് സൈനികര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ സൈനികനെ അറസ്റ്റ് ചെയ്യാന്‍ സാധാരണ പൊലീസിന് അധികാരമില്ല.