മുംബൈ: സ്ഥിര നിക്ഷേപകർക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ദീപാവലി സമ്മാനം.
0.8 ശതമാനം പലിശനിരക്ക് ഉയർത്തിക്കൊണ്ട് സ്ഥിര നിക്ഷേപകരെ സന്തോഷിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. രണ്ടു കോടി രൂപയ്ക്കു താഴെവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പലിശ വർധനവ് ഇന്നലെ മുതൽ പ്രാബല്യത്തിലായതായി ബാങ്ക് അധികൃതർ അറിയിച്ചു.
ഏഴുദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ (മൂന്നു ശതമാനം) മാറ്റമില്ല.
46 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 0.50 ശതമാനമാണ് ഉയർത്തിയിരിക്കുന്നത്. 4.50 ശതമാനമാണ് പുതുക്കിയ നിരക്ക്. 180-210 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 4.65ൽ നിന്ന് 5.25 ആയി ഉയർത്തി. 211 ദിവസം മുതൽ ഒരു വർഷം വരെയുള്ളവയുടെ പുതുക്കിയ നിരക്ക് 5.50 ശതമാനം ആണ്.
പലിശവരുമാനത്തെ ആശ്രയിച്ചു കഴിയുന്ന മുതിർന്ന പൗരന്മാർക്ക് പലിശനിരക്കു വർധന കൂടുതൽ ഉപകാരപ്രദമാകും.