കീടനാശിനി കഴിച്ച് യുവാവിന്റെ ആത്മ‌ഹത്യ; കുഞ്ഞിനെ കൊന്ന് ഭാര്യയും ജീവനൊടുക്കി

Advertisement

ബെംഗളൂരു ∙ ഭർത്താവിന്റെ ആത്മ‌ഹത്യയിൽ മനംനൊന്ത്, ഒന്നര വയസ്സുകാരനായ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി. ബെംഗളൂരു ബെലഗാവി താലൂക്കിലെ വന്താമൂരി ഗ്രാമത്തിലാണ് ദാരുണസംഭവം. വാസന്തിയെയും (22) കുഞ്ഞിനെയും വെള്ളിയാഴ്‌ച വൈകിട്ടാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രിയാണ് വാസന്തിയുടെ ഭർത്താവ് ഹോലെപ്പ മാരുതി (25) വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചു. ഏതാനും ദിവസങ്ങളായി ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. വ്യാഴാ‌ഴ്ച രാത്രിയും ഇവർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഹോലെപ്പ മാരുതി, കൃഷി ആവശ്യത്തിനായി വാങ്ങി സൂക്ഷിച്ച കീടനാശിനി കഴിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഭർത്താവിന്റെ മരണ വിവരമറിഞ്ഞതോടെ ഉച്ചയോടെ കുഞ്ഞുമായി വാസന്തി വീടുവിട്ടിറങ്ങി. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിനു പുറത്തെ വയലിലെ മരത്തിൽ തൂങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം യുവതി ആത്മ‌ഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ദമ്പതികൾക്ക് മൂന്നു വയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്.

Advertisement