വനിതാ അഭിഭാഷകർ മുടി ചീകുന്നത് കോടതി പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ജില്ലാ കോടതി

Advertisement

പുനെ: കോടതിയിൽവെച്ച് വനിതാ അഭിഭാഷകർ മുടി ചീകുന്നതിൽനിന്ന് വിട്ടുനിൽക്കണ​മെന്ന് കോടതി. പൂനെ ജില്ലാ കോടതിയുടേതാണ് ഈ വിവാദ ഉത്തരവ്.

നിരവധി തവണ ഇക്കാര്യം ശ്രദ്ധയിൽപെട്ടതായും ഇത് കോടതി പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും ​കോടതിയുടെ നോട്ടീസിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ വ്യാപക എതിർപ്പ് ഉയർന്നതോടെ കോടതി വിവാദ നിർദേശം പിൻവലിച്ചു.

“കൊള്ളാം, നോക്കൂ! വനിതാ അഭിഭാഷകർ ആരുടെ ശ്രദ്ധയാണ് തിരിക്കുന്നത്? എന്തുകൊണ്ടാണ്!” എന്ന അടിക്കുറിപ്പോടെ നോട്ടീസിന്റെ പകർപ്പ് മുതിർന്ന അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഇന്ദിര ജെയ്‌സിംഗ് ട്വിറ്ററിൽ പങ്കുവെച്ചു. ഒക്ടോബർ 20ന് ഇറങ്ങിയ നോട്ടീസിൽ പറയുന്നത് ഇങ്ങനെ: “വനിതാ അഭിഭാഷകർ തുറന്ന കോടതിയിൽ മുടി ക്രമീകരിക്കുന്നത് ആവർത്തിച്ച് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ അത്തരം പ്രവൃത്തിയിൽ നിന്ന് വിട്ടുനിൽക്കാൻ വനിതാ അഭിഭാഷകരെ ഇതിനാൽ അറിയിക്കുന്നു”

വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് നോട്ടീസ് പിൻവലിച്ചതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. കോടതി മുറിയുടെ അന്തസ്സ്‌ നിലനിർത്താൻ മാത്രമാണ് നോട്ടീസ് കൊണ്ട് ഉദ്ദേശിച്ചതെന്നും ആരുടെയും വികാരം വ്രണപ്പെടുത്താനല്ലെന്നും കോടതി വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീകൾ മുടി ചീകി ഒതുക്കുമ്പോഴേക്കും ശ്രദ്ധ തെറ്റുന്ന ആളുകളെ നീതിന്യായ സംവിധാനത്തിൽ നിലനിർത്തുന്നത് ശരിയാണോ എന്നാണ് ഒരാൾ ഇതിനോട് പ്രതികരിച്ചത്. “പുരുഷ അഭിഭാഷകർ തുറന്ന കോടതിയിൽ വനിതാ അഭിഭാഷകരെ ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ച് കോടതിക്കക് ഒന്നും പറയാനില്ല. എന്നാൽ വനിതാ അഭിഭാഷകർ കോടതിയിൽ മുടി ക്രമീകരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു…’ -മറ്റൊരാൾ ട്വീറ്റ് ചെയ്തു.