വൈറലായ തെരുവിലെ പൂ കച്ചവടക്കാരി ആരെന്ന് അറിയാമോ?

Advertisement

ബം​ഗളുരു: കഴിഞ്ഞ ദിവസം ഒരു പൂ കച്ചവടക്കാരിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാലിവർ ആരാണെന്നറിഞ്ഞതോടെ അമ്പരപ്പിലാണ് നെറ്റിസൺസ്.

ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നഗരമാണ് ബാംഗ്ലൂർ. നഗരത്തിരക്കിലേക്ക് ഇറങ്ങിയാൽ പിന്നെ ആ ഒഴുക്കിനനുസരിച്ചാകും നമ്മുടെ യാത്രയും. എത്ര നേരത്തെ എത്തണമെന്ന് കരുതിയാലും സിഗ്നലുകളും ട്രാഫിക് ജാമുകളും യാത്രയ്ക്ക് വിഘാതമാകും. അവിടെയാണ് നമ്മുടെ പൂക്കച്ചവടക്കാരി കച്ചവടത്തിനിറങ്ങിയത്. കണ്ടാൽ ഏതൊരു ഇന്ത്യൻ നഗരത്തിലെയും പൂവിൽപ്പനക്കാരി തന്നെയാണിവരും. എന്നാൽ, ഇത് കോഴിക്കോട് സ്വദേശിനിയും മോഡലുമായ അൻഷ മോഹനായിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ബിനു സീൻസ് എന്ന ഫോട്ടോഗ്രവഫറാണ് ചിത്രങ്ങൾ എടുത്തത്.

അൻഷയോട് ഇത്തരമൊരു ഫോട്ടോഷൂട്ടിനെ കുറിച്ച് പറഞ്ഞപ്പോൾ നൂറ് സമ്മതമായിരുന്നെന്ന് ബിനു പറയുന്നു. നേരത്തെ നിരവധി പേർ തെരുവിൽ നിന്ന് തന്നെയുള്ള ആളുകളെ വച്ച് മെയ്ക്കോവർ ഫോട്ടോ ഷൂട്ടുകൾ നടത്തിയിരുന്നു. എന്നാൽ, ഈ ഫോട്ടോഷൂട്ട് നേരെ തിരിച്ചായിരുന്നു. പ്രഫഷണൽ മോഡലിനെ മെയ്ക്കോവർ ചെയ്ത് തെരുവിലെ പൂ വിൽപ്പനക്കാരിയാക്കുകയായിരുന്നു. തെരുവിൽ നടന്ന് കച്ചവടം ചെയ്യുന്നവരുടെ മാനറിസങ്ങൾ മനസിലാക്കി അത്തരത്തിൽ പ്രതികരിക്കാനാണ് ശ്രമിച്ചതെന്നും ബിനു പറയുന്നു.

തെരുവിൽ ജീവിക്കുന്നവർ പൊതു സമൂഹത്തിൻറെ നിരവധി ആക്ഷേപങ്ങൾക്കും വാക്കുകൊണ്ടുള്ള കൈയേറ്റത്തിനും ഇരയാക്കപ്പെടുന്നുവെന്ന് ഫോട്ടോഗ്രാഫറായ ബിനു പറയുന്നു. തങ്ങളുടെ ഷൂട്ടിനിടെയും അത്തരം അനുഭവങ്ങളുണ്ടായിരുന്നു. അൻഷയോട് മോശമായി സംസാരിച്ച് കൊണ്ട് ചിലർ എത്തിയിരുന്നുവെന്നും ബിനു ചൂണ്ടിക്കാണിച്ചു.

വിമർശിച്ചും പുകഴ്ത്തിയും കാഴ്ച്ചക്കാർ

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവെൻസർകൂടിയായ അൻഷ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾക്കും റീലുകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇവർ പോസ്റ്റ് ചെയ്ത റീൽസിൽ ക്ലാസ് ഐഡന്റിറ്റിയെ മാനിക്കാത്തതാണ് ഈ പോസ്റ്റെന്ന് പറയുന്ന നിരവധി കമന്റുകളാണ് ലഭിച്ചത്.

സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുന്ന ആളുകളുടെ ജീവിതം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കാഴ്ചകൾ നേടുന്നത് പലരും യോജിച്ചില്ല. ചർമ്മത്തിന്റെ നിറവും സാമ്പത്തിക പശ്ചാത്തലവും കാരണം സമൂഹത്തിൽ നേരിടുന്ന അനീതികളെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് ഇത് ചെയ്തതെന്ന് ഈ പോസ്റ്റിനെ ന്യായീകരിച്ച ആളുകൾ പറഞ്ഞു.’ഇതൊരു പെർഫോമൻസ് ആർട്ടായി കരുതുക. സുന്ദരമായ ചർമ്മത്തോടുള്ള അഭിനിവേശം ഇന്ത്യക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അവൾക്ക് കൂടുതൽ സാധിച്ചിട്ടുണ്ട്’-ഒരാൾ കുറിച്ചു.

Advertisement