മുംബൈ: സ്ത്രീകളെയും പെൺകുട്ടികളെയും ‘ഐറ്റം’ എന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമെന്ന് മുംബൈ പ്രത്യേക കോടതി. പെൺകുട്ടിക്ക് നേരെയുള്ള ആക്ഷേപ പരാമർശമായാണ് ഈ വാക്കിനെ കാണുന്നത്.
16കാരിയായ പെൺകുട്ടിയെ ലൈംഗിക അധിക്ഷേപം നടത്തിയതിന് മുംബൈയിൽ നിന്നുള്ള പ്രതിയെ ഒന്നര വർഷം തടവ് ശിക്ഷ നൽകിയ വിധിക്കിടയിലാണ് കോടതിയുടെ പരാമർശങ്ങൾ.
2015 ജൂലൈ 15ന് പെൺകുട്ടി സ്കൂളിൽ നിന്ന് മടങ്ങവെ‘ക്യാ ഐറ്റം കിദർ ജാ രാഹി ഹോ?’ എന്ന് ചോദിച്ച് പ്രതി പെൺകുട്ടിയുടെ മുടി പിടിച്ച് വലിക്കുകയും ചെയ്തെന്നാണ് കേസ്. ഉടൻ തന്നെ പെൺകുട്ടി 100ൽ വിളിച്ച് പൊലീസ് സഹായം തേടി. ഐപിസി സെക്ഷൻ 354 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.
ലൈംഗിക പീഡന കേസായിട്ടാണ് യുവാവിന്റെ പരാമർശം കോടതി കണക്കാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സാധാരണയായി പുരുഷന്മാർ സ്ത്രീകളെ ‘ഐറ്റം’ എന്ന് പറയാറുണ്ടെന്നും ഈ പരാമർശം അപകീർത്തികരമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എസ് ജെ അൻസാരി ചൂണ്ടിക്കാട്ടി.