ഭർത്താവിനെ സ്ത്രീലമ്പടൻ എന്നു വിളിക്കുന്നതു ക്രൂരത; വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി

Advertisement

മുംബൈ: ഭർത്താവിനെ തെളിവൊന്നും ഇല്ലാതെ സ്ത്രീലമ്പടൻ എന്നും മുഴുക്കുടിയൻ എന്നും വിളിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി.

പൂനെയിലെ ദമ്പതികൾക്കു വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ നിതൻ ജാംദറിന്റെയും ശർമിള ദേശ്മുഖിന്റെയും നിരീക്ഷണം.

വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെതിരെ അൻപതുകാരിയായ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെ ഭർത്താവ് മരിച്ചിരുന്നു.

ഭർത്താവ് സ്ത്രീലമ്പടനും മുഴുക്കുടിയനും ആണെന്നും അതിനാൽ തനിക്കു ദാമ്പത്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഭാര്യ വാദിച്ചു. ഇതിനാലാണ് ഭർത്താവിനെ വിട്ടുപോയതെന്നും അവർ പറഞ്ഞു.

എന്നാൽ കേവലം ആരോപണങ്ങൾ മാത്രമല്ലാതെ അതു തെളിയിക്കുന്ന ഒന്നും ഭാര്യയ്ക്കു ഹാജരാക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു തെളിവുമില്ലാതെ ഭർത്താവിനെ സ്ത്രീലമ്പടൻ, മുഴുക്കുടിയൻ എന്നൊക്കെ വിളിക്കുന്നത് ക്രൂരതയാണ്. സൈന്യത്തിൽനിന്നു മേജർ റാങ്കിൽ വിരമിച്ച ഭർത്താവിന് സമൂഹത്തിൽ ഉന്നത സ്ഥാനമാണുള്ളത്. അദ്ദേഹത്തിന്റെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്നതാണ് ഭാര്യയുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ ഇതിനെ വിവാഹ ബന്ധത്തിലെ ക്രൂരതയായി കണക്കാക്കാമെന്ന്, ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹ മോചനം അനുവദിച്ചത് ശരിവച്ചുകൊണ്ട് കോടതി പറഞ്ഞു.

ഭാര്യ തന്നെയും മക്കളെയും വിട്ടുപോയതു ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ ഹർജിയിലാണ്, കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചത്.

Advertisement