ബംഗളൂരു: മാലിന്യം കലർന്ന വെള്ളം കുടിച്ച് യാദ്ഗിർ ജില്ലയിൽ മൂന്നുപേർ മരിച്ചു. 10 കുട്ടികളടക്കം 39 പേരെ ഛർദിയും വയറിളക്കവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാദ്ഗിർ ഷാഹ്പുർ ഹൊട്ടപതിലാണ് സംഭവം. മൂന്നു ദിവസങ്ങളിലായാണ് മൂന്നുമരണം റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 22ന് ഇരമ്മ ഹിരേമത് (90), 23ന് ഹൊന്നപ്പ ഗൗഡ (45), 24ന് സിദ്ധമ്മ ഹിരേമത് (80) എന്നിവരാണ് മരിച്ചത്.
മൂവരും ഛർദിയും വയറിളക്കവും കൂടിയതിനെ തുടർന്നാണ് മരിച്ചത്. എന്നാൽ, ഹൊന്നപ്പ ഗൗഡ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നും സിദ്ധമ്മ ഹിരേമത് പ്രായാധിക്യ അവശതകളെ തുടർന്നുമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വാദിച്ചു. എല്ലാ വീടുകളിലും മാലിന്യം കലർന്ന വെള്ളമാണ് ലഭിച്ചതെന്നും മരണത്തിന് ഇതാണ് കാരണമെന്നും ഗ്രാമവാസികൾ ചൂണ്ടിക്കാട്ടി. തുറന്ന കിണറിൽനിന്നാണ് ഗ്രാമത്തിലേക്കുള്ള വെള്ളം വിതരണം ചെയ്യുന്നത്. പലയിടത്തും പൈപ്പ് പൊട്ടിയ നിലയിലാണെന്നും അവർ പറഞ്ഞു.