ന്യൂഡൽഹി: കേരളത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള വിവാദങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്നാണ് സുബ്രഹ്മണ്യ സ്വാമി ട്വീറ്റ് ചെയ്തത്.
”കേരള ഗവർണർ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്ന് കേരളത്തിലെ ഭ്രാന്തൻ കമ്മ്യൂണിസ്റ്റുകൾ തിരിച്ചറിയണം. ഗവർണറുടെ രോമത്തിൽ തൊട്ടാൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ മോദി സർക്കാർ തയാറാകണമെന്ന് അഭ്യർഥിക്കുന്നു”-എന്നായിരുന്നു ട്വീറ്റ്.
നിരവധി പേരാണ് ട്വീറ്റിനെ അനുകൂലിച്ചും എതിർത്തും രംഗത്തുവന്നത്. കേരളത്തിലെ സർക്കാർ പിരിച്ചുവിട്ടാലും അടുത്ത 100 വർഷത്തേക്ക് ഒരു സീറ്റിൽ പോലും സംഘികൾ വിജയിക്കില്ല-എന്നാണ് ഒരാൾ പ്രതികരിച്ചത്. രാഷ്ട്രപതിയുടെ പ്രതിനിധി എന്നതിനേക്കാൾ ബി.ജെ.പിയുടെ പ്രതിനിധിയായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മറ്റു ചിലർ പ്രതികരിച്ചു.