ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന കൊടുംചൂട് കാരണമുള്ള മരണം ഇന്ത്യയിൽ 55 ശതമാനം വർധിച്ചതായി ലാൻസെറ്റ് റിപ്പോർട്ട്.
കാലാവസ്ഥ വ്യതിയാനത്തിന്റെ വിവിധ ആഘാതങ്ങൾ ആരോഗ്യത്തെ കൂടുതൽ വഷളാക്കുന്നുണ്ട്. ഇത് ഭക്ഷ്യ അരക്ഷിതാവസ്ഥ, പകർച്ചവ്യാധികൾ, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ, വായുമലിനികരണം, കാരണമുള്ള മരണം എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നെന്നും വ്യക്തമാക്കുന്നു.2022 മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയിലും പാകിസ്ഥാനിലും കാലാവസ്ഥ വ്യതിയാനത്തിലുണ്ടാകുന്ന ഉഷ്ണതരംഗത്തിന് 30 മടങ്ങ് വർധനയുണ്ടായി. ഈ മാസങ്ങളിൽ 374ലധികം സൂര്യാഘാത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കനത്ത ചൂടിനെ തുടർന്ന് ഈവർഷം മഹാരാഷ്ട്രയിൽ 25 പേരാണ് മരിച്ചത്.
സർക്കാർ കണക്കുകൾ പ്രകാരം 2015-19 കാലയളവിൽ മൊത്തം 3,776 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്തചംക്രമണം, ശ്വസനസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, പകർച്ചവ്യാധികൾ, എന്നിവയുമായി ബന്ധപ്പെട്ട മരണവും ശിശുമരണവും ഉയർന്ന താപ നിലയിൽ വർധിച്ചു. മഴയും താപനിലയും കൂടുന്നത് വയറിളക്കരോഗങ്ങൾ, ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുമെന്നും തീവ്രമായ ഉഷ്ണതരംഗങ്ങൾ ഏഷ്യയിൽ മരണം വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.