ബംഗളൂരു: തണുപ്പുകാലം ആരംഭിച്ചതോടെ ബംഗളൂരുവിലിത് കുളിരുനിറഞ്ഞ ദിനങ്ങൾ. 2008ന് ശേഷം ബംഗളൂരുവിൽ ഒക്ടോബറിലെ ഏറ്റവും കൂടിയ തണുപ്പാണ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയത്; 15.4 ഡിഗ്രി സെൽഷ്യസ്.
വെള്ളിയാഴ്ച ചുരുങ്ങിയത് 16 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും ബംഗളൂരുവിലെ അന്തരീക്ഷതാപമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കല്യാൺ കർണാടക മേഖലയിലെ ബിദറിലാണ് വ്യാഴാഴ്ച രാവിലെ കർണാടകയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്; 12.4 ഡിഗ്രി സെൽഷ്യസ്.
മഞ്ഞുകാലത്തിന് പ്രാരംഭം കുറിക്കുന്ന ഒക്ടോബറിൽ സാധാരണഗതിയിൽ കുറഞ്ഞത് 19 ഡിഗ്രിവരെയാണ് താപനില രേഖപ്പെടുത്താറുള്ളത്. നവംബറിൽ 18 ഡിഗ്രി സെൽഷ്യസും ഡിസംബറിൽ 16 ഡിഗ്രി സെൽഷ്യസും എന്നതാണ് ശരാശരി കണക്ക്. സാധാരണത്തേതിനെക്കാളും നാലു ഡിഗ്രി താഴ്ന്നാണ് ഇപ്പോൾ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. ബംഗ്ലാദേശ് തീരത്ത് രൂപപ്പെട്ട സിത്രാങ് കൊടുങ്കാറ്റിന്റെ ഫലമായാണ് ഇതെന്നും ഒന്നോ രണ്ടോ ദിവസംകൂടി ഈ നില തുടർന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.