ലഖ്നൗ: ഭൂമിയിലെ മാലാഖമാർ എന്ന് വാഴ്ത്തപ്പെടുന്നവരാണ് നഴ്സുമാർ. പലരും അങ്ങനെ തന്നെ ആണ് താനും എന്നാൽ മറിച്ചൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഉത്തർ പ്രദേശിലെ സീതാപൂർ ആശുപത്രിയിലെ ഒരു രോഗിയോട് നഴ്‌സും സഹായികളും മോശമായി പെരുമാറിയെന്ന വാർത്തയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
രോഗിയായ സ്ത്രീക്ക് നേരെ ബലം പ്രയോഗിക്കുന്ന നഴ്‌സിനേയും സഹായികളേയും വീഡിയോയിൽ കാണാം. രോഗിയെ വനിതാവാർഡിലൂടെ മുടിയിൽ പിടിച്ച് ബലമായി കൊണ്ടുപോകുകയാണ് വനിത നഴ്‌സ്. തുടർന്ന് ഇവർ രോഗിയെ കട്ടിലിൽ ബലമായി പിടിച്ചുകിടത്തുന്നതും ഇതിന് പുരുഷൻമാർ അടക്കമുള്ള മറ്റുള്ളവർ സഹായിക്കുന്നതും വീഡിയോയിലുണ്ട്.
ഈ സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. ഒക്ടോബർ 18-ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ സംഭവദിവസം രാത്രി പെട്ടെന്ന് വിചിത്രമായ രീതിയിൽ പെരുമാറുകയായിരുന്നുവെന്നും ഇതേ തുടർന്ന് നഴ്‌സുമാർ ഉൾപ്പെടെയുള്ളവർ കായികമായി നേരിടുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
രാത്രി പന്ത്രണ്ടിനും ഒരു മണിക്കും ഇടയിൽ ഇവർ വാഷ്‌റൂമിന് സമീപത്തേക്ക് പോയി. തുടർന്ന് വിചിത്രമായ രീതിയിൽ പെരുമാറാൻ തുടങ്ങി. തന്റെ വളകൾ ഉടയ്ക്കാനും വസ്ത്രം കീറാനും ശ്രമിച്ചു. ഇതുകണ്ട് എല്ലാവരും പേടിച്ച് നിലവിളിച്ചു. ആ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് സമീപവാർഡിലെ നഴ്‌സുമാരേയും സഹായത്തിന് വിളിച്ചു. അങ്ങനെ ബലം പ്രയോഗിച്ച് ഇവരെ കട്ടിലിൽ കിടത്തി കെട്ടിയിട്ട ശേഷം ഇൻജെക്ഷൻ നൽകുകയായിരുന്നു. ഇതിനിടയിൽ ഈ വിവരം പോലീസിനേയും അറിയിച്ചു. ആശുപത്രി അധികൃതർ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.