ജയ്‌പൂര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിഷ്‌ഠ രാജസ്ഥാനില്‍. വിശ്വസ്വരൂപം എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമയ്‌ക്ക് 369 അടിയാണ് ഉയരം.
രാജസ്ഥാനിലെ രാജസമണ്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രതിമയുടെ അനാച്ഛാദനം. അടുത്തമാസം ആറ് വരെ ഇവിടെ സാംസ്‌കാരികോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. ആത്മീയ പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
3000 ടണ്‍ സ്‌റ്റീലും ഇരുമ്പും ഇതിനായി ഉപയോഗിച്ചു. 2.5 ലക്ഷം ക്യൂബിക് ടണ്‍ കോണ്‍ക്രീറ്റും മണലും പ്രതിമയ്‌ക്ക് വേണ്ടി വന്നു. 250 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റിനെയും പ്രതിരോധിക്കാന്‍ ഇതിന് സാധിക്കും.
പത്ത് വര്‍ഷം വേണ്ടി വന്നു ഇതിന്റെ നിര്‍മ്മാണത്തിന്. ശാന്ത് കൃപ സനാതനാണ് പ്രതിമ നിര്‍മ്മിച്ചത്. ധ്യാനിക്കുന്ന രീതിയിലാണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. കിലോമീറ്ററുകള്‍ക്ക് അപ്പുറം നിന്ന് പോലും കാണാന്‍ സാധിക്കുന്ന വിധത്തിലാണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. പ്രത്യേക ദീപവിതാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രാത്രിയിലും വളരെ വ്യക്തമായി പ്രതിമ കാണാനാകും.
അന്നത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെയും മൊരാരി ബാപുവിന്റെയും സാന്നിധ്യത്തില്‍ 2012ലാണ് പ്രതിമയ്‌ക്ക് തറക്കല്ലിട്ടത്. 251 അടി ഉയരത്തില്‍ നിര്‍മ്മിക്കാനായിരുന്നു 2012ല്‍ തീരുമാനിച്ചത്. എന്നാല്‍ നിര്‍മ്മാണ വേളയില്‍ ഇത് 369 അടിയായി. ഇലവേറ്ററുകളും പടിക്കെട്ടുകളും അടക്കം നിരവധി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ശിവപ്രതിമയ്‌ക്ക് മുകളിലൂടെ ഗംഗയുടെ ഒരു ചെറിയ പ്രവാഹവും ഒരുക്കിയിട്ടുണ്ട്. ഇതാണ് പ്രതിമയുടെ ഉയരം 369 അടിയാക്കിയത്.
പ്രതിമയ്‌ക്ക് ചുറ്റുായി നിരവധി കായിക പരിപാടികള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഫുഡ്‌കോര്‍ട്ടും അഡ്വഞ്ചര്‍ പാര്‍ക്കും ജംഗില്‍ കഫെയും സന്ദര്‍ശകര്‍ക്കായി ഇവിടെ ഉണ്ട്.
ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമകളില്‍ 369 അടി ഉയരമുള്ള വിശ്വസ്വരൂപമാണ് ഒന്നാമത്തേത്. 143 മീറ്റര്‍ ഉയരമുള്ള കൈലാസ്‌നാഥ് മഹാദേവ ക്ഷേത്രം രണ്ടാമതും 123 മീറ്റര്‍ ഉയരമുള്ള കര്‍ണാടകയിലെ മുരുദ്വേശ്വര ക്ഷേത്രം മൂന്നാമതുമുണ്ട്. പിന്നാലെ 112 മീറ്റര്‍ ഉയരമുള്ള തമിഴ്‌നാട്ടിലെ ആദിയോഗ ക്ഷേത്രവും 108 മീറ്റര്‍ ഉയരമുള്ള മൗറീഷ്യസിലെ മംഗല്‍ മഹാദേവും ഉണ്ട്.