ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്

Advertisement

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമപ്രവർത്തകരെ സ്വാധീനിക്കാൻ ബി.ജെ.പി നേതൃത്വം പണവും മറ്റ് പാരിതോഷികങ്ങളും നൽകിയെന്ന ആരോപണവുമായി കർണാടക കോൺഗ്രസ്. കർണാടക മുഖ്യമന്ത്രി പണം നൽകിയെന്ന ആരോപണം കോൺഗ്രസ് നേരത്തെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനപൊതി മാധ്യമപ്രവർത്തർക്ക് നൽകിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.

മാധ്യപ്രവർത്തകർക്ക് ഗിഫ്റ്റ്​ ബോക്സ് നൽകിയെന്നും ഇതിൽ മദ്യവും വാച്ചും ഉണ്ടായിരുന്നെന്നുമാണ് ആരോപണം. ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, പണം നൽകിയ വിവരം തനിക്ക് അറിയില്ലെന്നായിരുന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊ​മ്മെയുടെ പ്രതികരണം.

കർണാടകയിലെ ബി.ജെ.പി സർക്കാറിന്റെ അനീതി സത്യസന്ധരായ മാധ്യമപ്രവർത്തകരിലൂടെ പുറത്ത് വരികയാണ്. മാധ്യമപ്രവർത്തകർ തങ്ങൾക്ക് ഗിഫ്റ്റ് ബോക്സ് ആവശ്യമില്ലെന്ന് പറയുന്നു. സ്വന്തം ലഞ്ച് ബോക്സ് തന്നെ മതിയെന്നാണ് അവരുടെ നിലപാട്.മാധ്യമപ്രവർത്തകർക്ക് നൽകിയ ഗിഫ്റ്റ്ബോക്സിൽ മദ്യത്തിനും വാച്ചിനും സ്വർണനാണയത്തിനുമൊപ്പം മറ്റെന്തല്ലാമാണ് സർക്കാർ നൽകിയതെന്നും കോൺഗ്രസ് ചോദിച്ചു. എല്ലാം പണം ഉപയോഗിച്ച് വാങ്ങാമെന്നാണ് ബി.ജെ.പി കരുതിയിരിക്കുന്നതെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. ​നേരത്തെ കർണാടക സർക്കാറിന്റെ അഴിമതിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്ര​ക്കിടെ രാഹുൽ ഇതിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

Advertisement