സംവത് വർഷത്തിന്റെ ആദ്യവാരത്തിൽ മികച്ച പ്രകടനവുമായി ഓഹരി സൂചികകൾ

Advertisement

കൊച്ചി: സംവത്‌ വർഷത്തിന്റെ ആദ്യവാരം അവസ്‌മരണീയമാക്കി ഓഹരി ഇൻഡക്‌സുകൾ കുതിച്ചു കയറി. നിക്ഷേപകരുടെ പ്രതീക്ഷക്കൊത്ത് മുൻ നിര ഓഹരികൾ വാങ്ങാൻ വിദേശ ഫണ്ടുകൾ കാണിച്ച ഉത്സാഹം സൂചികൾക്ക്‌ ഒരു ശതമാനം നേട്ടം പകർന്നു. ബോംബെ സെൻസെക്‌സ്‌ 652 പോയിന്റും നിഫ്‌റ്റി 210 പോയിന്റും പിന്നിട്ടവാരം ഉയർന്നു.

അമേരിക്കൻ ഓഹരി വിലകൾ വാരാന്ത്യം മികവിൽ നീങ്ങിയത്‌ ഇന്ത്യൻ മാർക്കറ്റിന്‌ ഊർജം പകരുമെങ്കിലും യൂറോപ്യൻ കേന്ദ്ര ബാങ്ക്‌ പലിശ നിരക്ക്‌ ഉയർത്തിയത്‌ പ്രമുഖ ഇൻഡക്‌സുകളിൽ പിരിമുറുക്കമുളവാക്കി. ഏഷ്യൻ മേഖലയിലേയ്‌ക്ക്‌ തിരിഞ്ഞാൽ ഒട്ടുമിക്ക ഓഹരി വിപണികളും വാരാന്ത്യം വിൽപ്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് സ്‌റ്റെഡിയായി തുടരാൻ തീരുമാനിച്ചത്‌ ഫണ്ടുകളെ വിൽപ്പനയ്‌ക്ക്‌ പ്രേരിപ്പിച്ചു.

ഇന്ത്യൻ വിപണിയുടെ സാങ്കേതിക വശങ്ങൾ ബുള്ളിഷായത്‌ അവസരമാക്കി വിദേശ ഓപ്പറേറ്റർമാർ പുതിയ നിക്ഷേപങ്ങൾക്കും നിലവിലുള്ള വിൽപ്പനകൾ തിരിച്ചു വാങ്ങുന്നതിനും കഴിഞ്ഞവാരം ഉത്സാഹിച്ചു. ഫ്യൂച്ചേഴ്‌സ്‌ ആൻറ്‌ ഓപ്‌ഷൻസിൽ സെപ്‌റ്റംബർ സീരീസ്‌ സെൻറ്റിൽമെൻറ്റിന്‌ മുന്നോടിയായി നടന്ന ഷോട്ട്‌ കവറിങ്‌ കുതിപ്പിന്‌ വേഗത പകർന്നതിനിടയിൽ അവർ പുതിയ വാങ്ങലിനും മത്സരിച്ചു.

ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഈ അവസരത്തിൽ ലാഭമെടുപ്പ്‌ നടത്തി ബാധ്യതകൾ കുറക്കാൻ താൽപര്യം കാണിച്ചു. പിന്നിട്ടവാരം അവർ 2193 കോടി രൂപയുടെ വിൽപ്പന നടത്തി, രണ്ട്‌ ദിവസങ്ങളിൽ അവർ വാങ്ങിയത്‌ 953 കോടി രൂപയുടെ ഓഹരികളാണ്‌. അതേ സമയം വിദേശ ഫണ്ടുകൾ തുടക്കത്തിൽ 401 കോടി രൂപയുടെ വിൽപ്പന നടത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ 4387 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചത്‌ സൂചികയുടെ മുന്നേറ്റത്തിന്‌ കരുത്ത്‌ പകർന്നു.

ഇതിനിടയിൽ വിദേശ നാണയ കരുതൽ ശേഖരത്തിൽ വീണ്ടും ഇടിവെന്ന വാർത്തകൾ പുറത്ത് വന്നു. ഒമ്പത് ആഴ്‌ച്ചകളിലെ തുടർച്ചയായ ഇടിവിന്‌ ശേഷം ഒക്ടോബർ ആദ്യവാരം 204 മില്യൺ ഡോളർ ഉയർന്ന് കരുതൽ ധനം 532.87 ബില്യൺ ഡോളറിൽ എത്തിയപ്പോൾ തന്നെ വ്യക്തമായിരുന്നു ദീപാവലി വേളയിൽ ആവേശം പകരാൻ കേന്ദ്ര ബാങ്ക്‌ അനുകൂല തരംഗം സൃഷ്‌ടിക്കുകയാണെന്ന്‌.

ഒക്ടോബർ 14 ന് അവസാനിച്ച വാരം കരുതൽ ധനം 4.50 ബില്യൺ ഡോളർ കുറഞ്ഞ് 528.37 ബില്യൺ ഡോളറായി. വിദേശ നാണത്തിലെ ഇടിവ്‌ വിരൽ ചുണ്ടുന്നത്‌ ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ മൂല്യ തകർച്ചയിലേയ്‌ക്കാണ്‌. രൂപയുടെ മൂല്യം 82.67 ൽ നിന്നും 83.12 ലേയ്‌ക്ക്‌ ദുർബലമായ ശേഷം വാരാന്ത്യം 82.48 ലാണ്‌. സാമ്പത്തിക വർഷാന്ത്യതോടെ വിനിമയ നിരക്ക്‌ 85 ലേയ്‌ക്ക്‌ സഞ്ചരിക്കാനിടയുണ്ട്‌.

നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര ബാങ്ക്‌ ഒരിക്കൽ കൂടി പലിശ വർധനവിനുള്ള ഒരുക്കത്തിലാണ്‌. അടിയന്തര യോഗം വിളിച്ച ആർ ബി ഐ ബുധനാഴ്‌ച പലിശ നിരക്ക്‌ ഉയർത്താം. കഴിഞ്ഞ ദിവസം യൂറോപ്യൻ കേന്ദ്ര ബാങ്ക്‌ പലിശ നിരക്ക് 75 ബേസിസ് പോയിൻറ്‌ ഉയർത്തി.

ബോംബെ സെൻസെക്‌സ്‌ ദീപാവലിയുടെ വെടിക്കെട്ടിനിടയിൽ 60,000 പോയിന്റിലേയ്‌ക്ക്‌ കത്തി കയറിയെങ്കിലും വാരാന്ത്യം താഴ്‌ന്നു. മുൻവാരത്തിലെ 59,361 ൽ നിന്നുള്ള കുതിപ്പിൽ 60,133 വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം 59,959 പോയിന്റിലാണ്. ഈവാരം 59,375 ലെ ആദ്യ സപ്പോർട്ട്‌ നിലനിർത്തിയാൽ ബുൾ റാലിയിൽ സൂചിക 60,700 റേഞ്ചിലേയ്‌ക്ക്‌ ചുവടുവെക്കാം. ഇത്‌ മറികടക്കണമെങ്കിൽ കോർപ്പറേറ്റ്‌ മേഖലയിൽ നിന്ന് തിളക്കമാർന്ന ത്രൈമാസ പ്രവർത്തന ഫലങ്ങൾ പുറത്തുവരണം.

നിഫ്‌റ്റി സൂചിക 18,000 പോയിൻറിനെ ഉറ്റ്‌ നോക്കുന്നുണ്ടെങ്കിലും വേണ്ടത്ര അനുകൂല വാർത്തകളുടെ അഭാവം തുടരുന്നു. 17,576 പോയിന്റി നിന്നും 17,838 വരെ കയറി നിഫ്‌റ്റി വാരാവസാനം 17,786 ലാണ്‌. ഈവാരം 17,597‐17,906 റേഞ്ചിൽ നിന്നും പുറത്ത്‌ കടന്നാൽ വിപണി പുതിയ ദിശയിലേയ്‌ക്ക്‌ തിരിയും.

മുൻ നിര ഓഹരിയായ മാരുതി നിക്ഷേപകരെ ആവേശം കൊള്ളിച്ച്‌ ഓഹരി വിപണിയുടെ തെരുവുകളിലുടെ മുന്നേറുകയാണ്‌. വെളളിയാഴ്‌ച്ച ഒറ്റ ദിവസം മാത്രം 450 രൂപ ഉയർന്ന്‌ അഞ്ച്‌ ശതമാനം നേട്ടവുമായി 9494 രൂപയിലെത്തി, പിന്നിട്ട വാരത്തിൽ മാരുതി ഓഹരി വില ഒൻപത്‌ ശതമാനം വർധിച്ചു. എൻ.ടി.പി.സി, എൽ ആൻറ്‌ ടി ഓഹരികളും പിന്നിട്ടവാരം അഞ്ച്‌ ശതമാനം മികവ്‌ കാണിച്ചു. സൺ ഫാർമ്മ, ഡോ റെഡീസ്‌, എയർടെൽ, എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, ഇൻഫോസിസ്‌, ടി.സി.എസ്, വിപ്രോ, എച്ച്‌.സി.എൽ ടെക്‌, ടെക്‌ മഹീന്ദ്ര, ആർ.ഐ.എൽ, എച്ച്‌.യു.എൽ, എം ആൻറ്‌ എം തുടങ്ങിയവയിലും നിക്ഷേപകർ താൽപര്യം കാണിച്ചു.

Advertisement