‘ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ’; ജെ ജെ ഇറാനി അന്തരിച്ചു

Advertisement

ന്യൂഡൽഹി: ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്ന് അറിയപ്പെടുന്ന ജെ ജെ ഇറാനി അന്തരിച്ചു. 86 വയസായിരുന്നു.

ടാറ്റാ സ്റ്റീലിന്റെ മുൻ മാനേജിങ് ഡയറക്ടറായ ജെ ജെ ഇറാനി ജംഷഡ്പൂരിലെ ടാറ്റാ ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് മരിച്ചത്.

വ്യവസായ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ മാനിച്ച്‌ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ജെ ജെ ഇറാനിയുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ടാറ്റാ സ്റ്റീൽ പ്രസ്താവനയിൽ അറിയിച്ചു. ടാറ്റാ ഗ്രൂപ്പിന്റെ വിവിധ ബോർഡുകളിൽ അംഗമായിരുന്നു.

2011ൽ നീണ്ട 43 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ജെ ജെ ഇറാനി ടാറ്റാ സ്റ്റീലിൽ നിന്ന് പടിയിറങ്ങിയത്. 1936ൽ നാഗ്പൂരിലാണ് അദ്ദേഹം ജനിച്ചത്. 1963ൽ യുകെയിലെ ഷെഫീൽഡ് സർവകലാശാലയിൽ നിന്ന് ലോഹസംസ്‌കരണ ശാസ്ത്രത്തിൽ പിഎച്ച്‌ഡി നേടി. ബ്രിട്ടീഷ് അയൺ ആന്റ് സ്റ്റീൽ റിസർച്ചിലാണ് അദ്ദേഹം ഔദ്യോഗിക സേവനം ആരംഭിക്കുന്നത്. 1968ലാണ് ടാറ്റാ സ്റ്റീലിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.