ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, ഒരാളുടെ സമ്മതമില്ലാതെ പകർത്തുന്ന നഗ്നത, മറ്റു അശ്ലീല ഉള്ളടക്കങ്ങൾ, ഭീകരത എന്നിവ പ്രോത്സാഹിപ്പിച്ചതിനും പ്രചരിപ്പിച്ചതിനും ഓഗസ്റ്റ് 26 നും സെപ്റ്റംബർ 25 നും ഇടയിൽ ഇന്ത്യയിൽ 52,141 അക്കൗണ്ടുകൾ ട്വിറ്റർ നിരോധിച്ചു.
ഇപ്പോൾ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ-ബ്ലോഗിങ് പ്ലാറ്റ്ഫോം ട്വിറ്റർ രാജ്യത്ത് തീവ്രവാദം പ്രോത്സാഹിപ്പിച്ചതിന് 1,982 അക്കൗണ്ടുകൾ നീക്കം ചെയ്തതായും അറിയിച്ചു.
ട്വിറ്ററിന്റെ പ്രതിമാസ റിപ്പോർട്ടിൽ, പരാതി പരിഹാര സംവിധാനങ്ങളിലൂടെ ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് 157 പരാതികൾ ലഭിച്ചതായും ഇതിൽ 129 പരാതികളിൽ നടപടി സ്വീകരിച്ചതായും അറിയിച്ചു.
അതേസമയം, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെയുള്ള പരാതികളിൽ ട്വിറ്ററിൽ നിന്ന് ലഭിച്ച മറുപടികൾ അപൂർണമാണെന്ന് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ട്വിറ്ററിൽ സ്ത്രീകളുടെയും കുട്ടികളുടെയും ചൂഷണം ചെയ്യുന്ന വിഡിയോകളുടെയും ഫോട്ടോകളുടെയും പേരിൽ മലിവാൾ സെപ്റ്റംബർ 20 ന് ട്വിറ്റർ ഇന്ത്യ പോളിസി മേധാവിയേയും ഡൽഹി പൊലീസിനെയും വിളിച്ചുവരുത്തിയിരുന്നു.
കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല വിഡിയോകളും ഫോട്ടോകളും പരസ്യമായി ചിത്രീകരിക്കുന്ന നിരവധി ട്വീറ്റുകൾ കമ്മിഷൻ കണ്ടെത്തിയിരുന്നു. മിക്ക ട്വീറ്റുകളിലും കുട്ടികളെ പൂർണ നഗ്നരായി ചിത്രീകരിച്ചിട്ടുണ്ടെന്നും അവയിൽ പലതും ക്രൂരമായി പീഡിപ്പിക്കുന്നതും കുട്ടികളുടെയും സ്ത്രീകളുടെയും സമ്മതമില്ലാത്ത അശ്ലീല ദൃശ്യങ്ങൾ പകർത്തിയതാണെന്നും കമ്മിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.