മകനെ വാടക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി,കാര്‍ ചതിച്ചു പ്രിന്‍സിപ്പലും ഭാര്യയും അറസ്റ്റില്‍

Advertisement

ഹൈദരാബാദ്: സ്വന്തം മകനെ വാടക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി,പ്രിന്‍സിപ്പലും ഭാര്യയും അറസ്റ്റില്‍. തെലങ്കാനയിലെ ഖമ്മം പട്ടണത്തിലാണ് സംഭവം.

സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ക്ഷത്രിയ രാം സിംഗ്, ഭാര്യ റാണി ബായി എന്നിവരാണ് തൊഴില്‍ രഹിതനും മദ്യപാനിയുമായ മകന്‍ സായ് റാമിനെ (26) വകവരുത്താന്‍ എട്ട് ലക്ഷം രൂപയ്ക്ക് ഗുണ്ടകളെ ചുമതലപ്പെടുത്തിയത്. ദമ്ബതികളോടൊപ്പം കൊലപാതകം നടത്തിയ അഞ്ച് ഗുണ്ടകളില്‍ നാലുപേരും ഇന്നലെ അറസ്റ്റിലായി.

കോളേജ് വിദ്യാഭ്യാസം പകുത്തിയ്ക്ക് ഉപേക്ഷിച്ച സായ് റാം മദ്യപിച്ചെത്തി മാതാപിതാക്കളെ മര്‍ദിക്കുന്നത് പതിവായിരുന്നു. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിലാണ് മര്‍ദനം. ബന്ധുക്കള്‍ ചേര്‍ന്ന് യുവാവിനെ പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് അയച്ചെങ്കിലും അതും ഫലം കണ്ടില്ല. ഒടുവിലാണ് മകനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുന്നത്. ഇവരുടെ മകള്‍ അമേരിക്കയിലാണ്.

മകനെ കൊലപ്പെടുത്താന്‍ റാണി ബായിയുടെ സഹോദരന്‍ സത്യനാരായണന്റെ സഹായം ദമ്ബതികള്‍ തേടിയിരുന്നു. പിന്നാലെ ഗുണ്ടകളായ ആര്‍ രവി, ഡി ധര്‍മ്മ, പി നാഗരാജു, ഡി സായ്, ബി രാംബാബു എന്നിവരെ സത്യനാരായണ സമീപിച്ചു. ഇവര്‍ക്ക് മുന്‍കൂറായി ഒന്നരലക്ഷം രൂപ ദമ്പതികള്‍ നല്‍കി. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ബാക്കി തുകയായ ആറര ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദ്ധാനം.

ഒക്ടോബര്‍ 18ന് സത്യനാരായണനും രവിയും ചേര്‍ന്ന് സായ് റാമിനെ ഇവരുടെ കുടുംബ വാഹനത്തില്‍ കയറ്റി കല്ലേപള്ളിയിലെ ക്ഷേത്രത്തിന് സമീപത്തായി എത്തിക്കുകയും ഇവിടെ മറ്റ് ഗുണ്ടകളുമായി ചേര്‍ന്ന് മദ്യപിക്കുകയും ചെയ്തു. പിന്നാലെ സായ് റാമിനെ കയറുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം സുന്യാപഹാഡ് എന്ന സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു.

കൊലപാതകത്തിനായി ഉപയോഗിച്ച കാറാണ് ദമ്ബതികളെ കുടുക്കിയത്. ഒക്ടോബര്‍ 19നായിരുന്നു യുവാവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 25ന് മകന്റെ മൃതശരീരം തിരിച്ചറിയുന്നതിനായി ഇതേ കാറിലായിരുന്നു ദമ്ബതികള്‍ മോര്‍ച്ചറിയില്‍ എത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മാത്രമല്ല മകനെ കാണാനില്ലെന്ന് ദമ്ബതികള്‍ പരാതി നല്‍കാത്തതും ഇവരെ സംശയിക്കുന്നതിന് കാരണമായി. ദമ്ബതികള്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.