മുംബൈ: വനിതാ മാധ്യമപ്രവർത്തകയുടെ നെറ്റിയിൽ പൊട്ടില്ലെന്ന കാരണത്താൽ സംസാരിക്കാൻ വിസമ്മതിച്ച് മഹാരാഷ്ട്രയിലെ ഹിന്ദുസംഘടനാ നേതാവ് സംഭാജി ഭിഡെ. ദക്ഷിണ മുംബൈയിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലാണ് സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ കണ്ടതിന് ശേഷം പുറത്തേക്ക് വരികയായിരുന്നു സംഭാജി. ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിശദാംശങ്ങൾ അറിയാനെത്തിയതായിരുന്നു മാധ്യമപ്രവർത്തക. സ്ത്രീകൾ ഭാരതാംബയ്ക്ക് തുല്യരാണെന്നും അവർ നെറ്റിയിൽ പൊട്ടു തൊടാതെ ഒരു വിധവയെപ്പോലെ പ്രത്യക്ഷപ്പെടരുതെന്നുമാണ് ഭിഡെ മാധ്യമപ്രവർത്തകരോട് പറയുന്നത്. ഭിഡെയുടെ പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ നോട്ടിസ് അയച്ചിട്ടുണ്ട്.
കുട്ടികളില്ലാത്ത ദമ്പതികൾക്ക് തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച് മക്കളുണ്ടായെന്ന ഭിഡെയുടെ 2018ലെ പ്രസ്താവന ഏറെ വിവാദമായിരുന്നു.