ചെന്നൈ: യാത്രാ കോച്ചുകളിൽ ഇനി വളർത്തു നായകളേയും ഒപ്പം കൊണ്ടുപോകാം. ഫസ്റ്റ് ക്ലാസ് കോച്ച്, ഫസ്റ്റ് എസി കോച്ച് എന്നിവയിലോ, ലഗേജ് കം ബ്രേക്ക് വാനിലോ കൊണ്ടുപോകാം എന്നാണ് ദക്ഷിണ റെയിൽവേ അറിയിക്കുന്നത്.
ബുക്ക് ചെയ്തതിന് ശേഷമാവും വളർത്തു നായ്‌ക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്യാനാവുക. ഒരാൾക്ക് ഒരു നായയെ കൊണ്ടുപോകാനാണ് അനുമതി. നായയെ ബുക്ക് ചെയ്ത് കൊണ്ടുപോകാനായി യാത്രയ്ക്ക് മൂന്ന് മണിക്കൂർ മുൻപെങ്കിലും പാഴ്‌സൽ ഓഫീസിൽ എത്തിക്കണം.
ഫസ്റ്റ് ക്ലാസ്, ഫസ്റ്റ് എസി എന്നിവയിൽ 60 കിലോ ലഗേജിന് നൽകേണ്ട തുകയാണ് നായയെ കൊണ്ടുപോകുന്നതിനുള്ള പണമായി നൽകേണ്ടത്. യാത്രക്കാരന്റെ ടിക്കറ്റ് പിഎൻആർ നമ്പർ കാണിച്ച് പാഴ്‌സൽ ഓഫീസിൽ ഈ തുക അടയ്ക്കണം.
നായ്ക്ക് രോഗമില്ലെന്ന് വ്യക്തമാക്കുന്ന വെറ്റിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. നായയുടെ വാക്‌സിൻ എടുത്തതിന്റെ രേഖകളും കാണിക്കണം. എന്നാൽ സെക്കൻഡ് എസി, തേർഡ് എസി, എ സി ചെയർ കാർ, സ്ലീപ്പർ എന്നിവയിലൊക്കെ നായയെ കൊണ്ടുപോയാൽ സാധാരണ നിരക്കിൽ നിന്ന് ആറ് ഇരട്ടിയാവും പിഴയായി നൽകേണ്ടത്.