ഭാര്യ മറ്റൊരാൾക്കൊപ്പം ചുറ്റിനടക്കുന്നത് വിവാഹ മോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതി

Advertisement

ഭോപ്പാൽ: ഭാര്യ ഭർത്താവല്ലാത്ത മറ്റൊരു പുരുഷനെ കാണുന്നതോ ഒപ്പം ചുറ്റിനടക്കുന്നതോടെ അവിഹിതമായി കാണാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.

അതിന്റെ പേരിൽ വിവാഹ മോചനം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ വികേക് റൂസിയ, അമർ നാഥ് എന്നിവർ വിധിച്ചു.

ഭർത്താവ് നൽകിയ വിവാഹ മോചന ഹർജി തള്ളിയ കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഭർത്താവല്ലാത്ത പുരുഷനൊപ്പം ചുറ്റിനടന്നു എന്നതുകൊണ്ടു മാത്രം അവിഹിതമായി കാണാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെന്ന, വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിലേ അവിഹിത ബന്ധം സ്ഥാപിക്കാനാവൂ. അതുകൊണ്ടുതന്നെ അവിഹിതത്തിനു തെളിവില്ലെന്ന കുടുംബ കോടതി വിധി ശരിയായ തീരുമാനമാണെന്ന് ഹൈക്കോടതി വിലയിരുത്തി.

ഭാര്യ മറ്റൊരാൾക്കൊപ്പം താമസിക്കുകയാണെന്ന് ആരോപിച്ചാണ് ഭർത്താവ് കുടുംബ കോടതിയിൽ ഹർജി നൽകിയത്. ഭാര്യ തന്റെ അമ്മയെ മർദിച്ചതായും അതിൽ കേസുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭാര്യ മറ്റൊരാളുടെ വീട്ടിലേക്കു കയറിപ്പോവുന്നത് താൻ കണ്ടിട്ടുണ്ടെന്നാണ് അവിഹിതത്തിനു തെളിവായി ഭർത്താവ് പറഞ്ഞത്. പല സ്ഥലങ്ങളിലും ഇരുവരെയും ഒരുമിച്ചു കണ്ടിട്ടുണ്ടെന്ന്, ഭർത്താവ് ഹാജരാക്കിയ സാക്ഷികളും കോടതിയെ അറിയിച്ചു. വിവാഹ മോചനം അനുവദിക്കണമെന്നും, ഭാര്യയുടെ അവിഹിതമാണ് കാരണം എന്നതിനാൽ ജീവനാംശം നൽകാനാവില്ലെന്നും ഭർത്താവ് വാദിച്ചു.

രണ്ടാം വിവാഹം കഴിക്കുന്നതിനായി തന്നെ ഒഴിവാക്കാനാണ് ഭർത്താവിന്റെ ശ്രമം എന്നായിരുന്നു ഭാര്യയുടെ വാദം. അതിനായി ഭർത്താവ് തന്നെ ഉപേക്ഷിച്ചുപോയി. ഭർത്താവിനൊപ്പം ജീവിക്കാൻ താൻ ഇപ്പോഴും തയാറാണെന്നും ഭാര്യ കോടതിയെ അറിയിച്ചു.