റാഞ്ചി: 21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ എട്ട് ഭ്രൂണം കണ്ടെത്തി. റാഞ്ചിയിലാണ് ഈ അപൂര്‍വ സംഭവം.
രാംഗഢ് ജില്ലയിലെ പെണ്‍കുഞ്ഞില്‍ കണ്ടെത്തിയ ഈ അപൂര്‍വ്വ പ്രതിഭാസം ലോകത്തെ തന്നെ ആദ്യത്തേതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇത് കണ്ടെത്തിയത്. മൂന്ന് മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ വലുപ്പമാണ് ഇവയ്‌ക്ക് ഉണ്ടായിരുന്നത്.
കുഞ്ഞിനെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കി ഭ്രൂണങ്ങള്‍ എല്ലാം നീക്കം ചെയ്‌തു. കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. പൂര്‍ണ വളര്‍ച്ചയെത്താത്ത ഭ്രൂണം ഒപ്പമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ ഇത്തരത്തില്‍ കയറിക്കൂടാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഭ്രൂണത്തിനുള്ളിലെ ഭ്രൂണം എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്ന ഈ അവസ്ഥ അഞ്ച് ലക്ഷത്തില്‍ ഒരുകുഞ്ഞില്‍ സംഭവിക്കാറുണ്ടെന്നും ശിശുരോഗ വിദഗ്‌്‌ദ്ധനായ ഡോ. മുഹമ്മദ് ഇമ്രാന്‍ പറഞ്ഞു. രാജ്യാന്തര മെഡിക്കല്‍ജേര്‍ണലില്‍ ഇത്തരത്തില്‍ ഒന്നിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ഇത്രയും കൂടുതല്‍ ഭ്രൂണം ഇതാദ്യമായാണ് കണ്ടെത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മെഡിക്കല്‍ ജീവിതത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.