ചെന്നൈ: ഐപിഎസ് ഉദ്യോഗസ്ഥന്‍ ജി സമ്പത്ത്‌കുമാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി, ഇദ്ദേഹം സുപ്രീം കോടതിക്കും ഹൈക്കോടതിക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ധോണി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ലീഗ് വാതുവയ്‌പ് കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചുവെന്നും ഇതിന് നൂറ് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ധോണി ആവശ്യപ്പെട്ടിട്ടുണ്ട്. വാതുവയ്‌പ് കേസിന്റെ വാദത്തിനിടെയാണ് സമ്പത്ത്‌കുമാര്‍ കോടതികള്‍ക്കെതിരെയും പരാമര്‍ശം നടത്തിരിക്കുന്നത്.
വെള്ളിയാഴ്‌ച ധോണി നല്‍കിയ പരാതി പരിഗണനയ്‌ക്ക് വച്ചിരുന്നെങ്കിലും സമയക്കുറവ് മൂലം പരിഗണിച്ചില്ല. ജസ്റ്റിസുമാരായ പി എന്‍ പ്രകാശും ആര്‍ എം ടി ടീക്കാ രാമനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുക. മുതിര്‍ന്ന അഭിഭാഷകന്‍ പി ആര്‍ രാമന്‍ ഹര്‍ജിക്കാരന് വേണ്ടി ഹാജരാകും. അഡ്വക്കേറ്റ് ജനറല്‍ ആര്‍ ഷണ്‍മുഖസുന്ദരം ഹര്‍ജി പരിഗണിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കേസ് ലിസ്റ്റ് ചെയ്‌തത്. ഹര്‍ജി പരിഗണിക്കുന്നതിന് അനുമതി നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമ്പത്ത് നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്‌തിരുന്നു.
2014ല്‍ ഒരു ടെലിവിഷന്‍ ചാനലിനും സമ്പത്തിനുമെതിരെ താന്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്‌തിരുന്നതായി ധോണി സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടക്കാല ഇന്‍ജക്ഷന്‍ ഉത്തരവ് സമ്പാദിക്കുകയും ചെയ്‌തു. ഈ കേസില്‍ 2021ലാണ് ഐപിഎസ് ഓഫീസര്‍ ഒരു പ്രസ്‌താവന നല്‍കിയത്. ഇതിലാണ് കോടതിക്കെതിരെ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇതേ തുടര്‍ന്നാണ് സമ്പത്തിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
സുപ്രീം കോടതി നിയമവാഴ്‌ചയില്‍ നിന്ന് മാറിപ്പോകുന്നുവെന്നായിരുന്നു സമ്പത്തിന്റെ പ്രസ്‌താവന. ധോണി മദ്രാസ് ഹൈക്കോടതിയില്‍ കേസ് നല്‍കിയതിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആരോപണവും സമ്പത്ത് ഉയര്‍ത്തിയിരുന്നു.