തിരുവനന്തപുരം: ഇന്ന് പൂർണ്ണ ചന്ദ്രഗ്രഹണം.
ഉച്ചയ്ക്ക് 2.39 മുതൽ രാത്രി 7.26വരെയാണ് ഗ്രഹണം. പൂർണ്ണഗ്രഹണം 3.46 മുതൽ 04.29 വരെയും. പകലായതിനാൽ ഗ്രഹണം പൂർണ്ണമായി കാണാനാകില്ലെങ്കിലും സൂര്യനസ്തമിക്കുന്ന ആറുമണിക്ക് തന്നെ ചന്ദ്രനും ഉദിച്ചുനിൽക്കുന്നതിനാൽ അവസാനദൃശ്യങ്ങൾ ഇന്ത്യയിൽ കാണാം. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ അതീവ പ്രധാന്യത്തോടെയാണ് ചന്ദ്രഗ്രഹണത്തെ കാത്തിരിക്കുന്നത്.
അടുത്ത മൂന്ന് വർഷത്തിനിടയിലെ അവസാന പൂർണ ചന്ദ്രഗ്രഹണമായിരിക്കും ഇതെന്ന് നാസ അറിയിച്ചു. 2023 ഒക്ടോബർ 28 ന് ഇന്ത്യയിൽ അടുത്ത ഭാഗിക ചന്ദ്രഗ്രഹണവും 2025 സെപ്തംബർ 7ന് ഇന്ത്യയിലെ അടുത്ത സമ്പൂർണ്ണചന്ദ്രഗ്രഹണവുമുണ്ടാകും. പൗർണ്ണമി ദിവസം ഭൂമി ഇടയിലും സൂര്യൻ,ചന്ദ്രൻ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേർരേഖയിലാവുമ്പോൾ ചന്ദ്രനിൽ പതിക്കേണ്ട സൂര്യപ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രൻ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ചന്ദ്രൻ അപ്രത്യക്ഷമാകുന്നതിനു പകരം കടുംചുവപ്പ് നിറത്തിലാകും. രക്തചന്ദ്രൻ അഥവാ ബ്ലഡ് മൂൺ എന്നാണ് ഇതറിയപ്പെടുന്നത്. ചന്ദ്രന്റെ കുറച്ച് ഭാഗം മാത്രമാണ് ഭൂമിയുടെ ഛായയിലൂടെ കടന്നു പോകുന്നതെങ്കിൽ ഭാഗീകചന്ദ്രഗ്രഹണമെന്നും നിഴൽഭാഗത്തിനു പുറത്ത് മങ്ങിയ നിഴൽ പ്രദേശമായി ചന്ദ്രനെ കാണുന്നതിനെ ഉപഛായഗ്രഹണമെന്നും പറയും.
ഇവിടെ ദൃശ്യമാകും
രാജ്യത്ത് എല്ലായിടത്തും ചുവന്ന നിറത്തിലുള്ള പൂർണ്ണ ചന്ദ്രൻ ദൃശ്യമാകില്ലെങ്കിലും കിഴക്കൻമേഖലകളിൽ വൈകിട്ട് 5.12ന് പൂർണ്ണചന്ദ്രഗ്രഹണത്തിന്റെ അവസാന ഘട്ടത്തിൽ രക്തചന്ദ്രൻ പ്രകടമാകും. അഗർത്തല (ത്രിപുര), ഐസ്വാൾ (മിസോറം), ഭഗൽപൂർ (ബിഹാർ), ഭുവനേശ്വർ, കട്ടക്ക് (ഒഡീഷ), കൊഹിമ (നാഗാലാൻഡ്), കൊൽക്കത്ത, ഡാർജിലിംഗ് (പശ്ചിമ ബംഗാൾ)എന്നിവിടങ്ങളിൽ കാണാം.
കേരളത്തിൽ ഭാഗികം
കേരളത്തിൽ ഇന്ന് ചന്ദ്രനുദിക്കുന്നത് വൈകിട്ട് ആറ് മണിക്കായതിനാൽ പൂർണ്ണചന്ദ്രഗ്രഹണം ദൃശ്യമാകില്ലെങ്കിലും അല്പനേരം ഭാഗീകചന്ദ്രഗ്രഹണം കാണാം. സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണുന്ന സ്ഥലത്താണെങ്കിൽ 15 മിനുറ്റ് കാണാം. രാത്രി 7.26വരെ ഉപഛായഗ്രഹണം തുടരുമെങ്കിലും തിരിച്ചറിയാൻ പ്രയാസമാണ്.