ന്യൂഡൽഹി: കഴിഞ്ഞ ദിവസം മുതലാണ്ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പ് പരീക്ഷണാടിസ്ഥാനത്തിൽ എത്തിയത്. . ഡിജിറ്റൽ കറൻസിക്കും, പേപ്പർ കറൻസിക്കും ഒരേ മൂല്യമാണ്. അതുകൊണ്ടുതന്നെ ഇത് പരസ്പരം കൈമാറ്റം ചെയ്യാൻ സാധിക്കും. റിസർവ് ബാങ്ക് ഇറക്കുന്നതിനാൽ നിയമപരമായി തന്നെ അംഗീകാരമുള്ളതാണ് ഡിജിറ്റൽ രൂപ. മൊത്ത വ്യാപാര വിഭാഗത്തിലായിരിക്കും ഇതിന്റെ വ്യാപാരം തുടങ്ങിട്ടുള്ളത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നീ ബാങ്കുകൾ ഡിജിറ്റൽ റുപ്പീ വ്യാപാരത്തിൽ പങ്കാളികളാണ്. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുവാൻ ഡിജിറ്റൽ രൂപ സഹായിക്കും. ഒരു ഡിജിറ്റൽ കറൻസി ഒരിക്കലും കീറിക്കളയാനോ, കത്തിച്ചുകളയാനോ, നശിപ്പിച്ചു കളയാനോ സാധിക്കില്ല. നോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിജിറ്റൽ രൂപത്തിലുള്ള കറൻസി എന്നന്നേക്കും നിലനിൽക്കും. പണമിടപാടുകളുടെ ചെലവ് കുറക്കാനും ഡിജിറ്റൽ രൂപ സഹായിക്കും.
മറ്റ് സവിശേഷതകൾ
∙അതാതു രാജ്യത്തെ ഫിയറ്റ് കറൻസിയുടെ ഡിജിറ്റൽ രൂപമായിരിക്കും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ (സി ബി ഡി സി )
∙മൊത്ത വ്യാപാര മേഖലയിൽ ആദ്യം അവതരിപ്പിച്ചു പരീക്ഷിച്ച ശേഷം മാത്രമേ ചെറുകിട വ്യാപാര രംഗത്തേക്ക് ഡിജിറ്റൽ കറൻസി പ്രവേശിക്കുകയുള്ളൂ
∙സി ബി ഡി സി ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തും.
∙ഫിയറ്റ് കറൻസിയുമായി ഇതിനെ കൈമാറ്റം നടത്താം.
∙വില സ്ഥിരത ഉണ്ടാകുമെന്നതിനാൽ ക്രിപ്റ്റോ കറൻസികളുടേത് പോലെയുള്ള അസ്ഥിരതയെക്കുറിച്ച് ഭയപ്പെടേണ്ട.
∙ഇടനിലക്കാരില്ലാതെ വിദേശത്തേക്കും കറൻസി കൈമാറ്റം സാധ്യമാകും.
∙ക്രിപ്റ്റോ കറൻസികളുടെ പകരക്കാരനാകാനാണ് ഓരോ രാജ്യവും അതാതു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ ഇറക്കുന്നത്.
∙ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയായിരിക്കും സി ബി ഡി സി ക്കു ഉപയോഗിക്കുന്നത്.
∙വോലറ്റുകളിൽ നിന്ന് വോലറ്റുകളിലേക്കു ഇത് കൈമാറ്റം ചെയ്യാം
∙കെ വൈ സി പോലുള്ള രേഖകളെല്ലാം ഇതിൽ കൃത്യമായിരിക്കും, അതിനാൽ ആര്, ആർക്ക്, എപ്പോൾ, എത്ര പണം കൈമാറ്റം ചെയ്തുവെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.
∙കള്ളപ്പണത്തിന്റെ വിനിമയത്തിന് തടയിടാൻ സാധിക്കും.
∙ഓരോ രാജ്യത്തെയും സെൻട്രൽ ബാങ്കുകൾക്ക് ഇവയുടെ മേൽ കൃത്യ നിയന്ത്രണം ഉണ്ടാകും.