ന്യൂഡൽഹി: ജി20 പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുന്ന ഇന്ത്യ പുതിയ ലോഗോയും വെബ് സൈറ്റും പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഡൽഹിയിൽ ലോഗോ പുറത്തിറക്കിയത്. ഇന്ത്യയ്ക്ക് ചരിത്ര നിമിഷമാണ് ഇതെന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.
“ഒരോ ഇന്ത്യക്കാരനെയും ഈ ചരിത്ര നിമിഷത്തിൽ അഭിനന്ദിക്കുന്നു. ലോഗോയിലെ വസുധൈവ കുടുംബകം എന്നത് ലോകത്തോടുള്ള ഇന്ത്യയുടെ അനുകമ്പയാണ്. ലോഗോയിലെ താമര ലോകത്തെ ഒന്നായി നിർത്തും എന്ന ഇന്ത്യ നൽകുന്ന വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്” – പ്രധാനമന്ത്രി മോദി ചടങ്ങിൽ പറഞ്ഞു.
www.g20.in എന്നതാണ് ഇന്ന് പ്രധാനമന്ത്രി മോദി പുറത്തിറക്കിയ സൈറ്റ്. ലോകം കൊവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതങ്ങളിലൂടെ കടന്ന് പോവുകയാണ്. ജി20യുടെ ഇപ്പോഴത്തെ ലോഗോ ലോകത്തിന് തന്നെ ഒരു പ്രതീക്ഷ നൽകും. എന്തൊക്കെ വിപരീത പരിതസ്ഥിതിയിലും താമര വിരിഞ്ഞിരിക്കും- പ്രധാനമന്ത്രി പറഞ്ഞു.
“ജി 20 ലോഗോ വെറും ലോഗോ അല്ല നമ്മുടെ ഞരമ്പുകളിലെ വികാരത്തിൻറെ സന്ദേശമാണ് അത്. അത് ഒരു പ്രതിജ്ഞയാണ്. അതിൽ നമ്മുടെ ചിന്തകളുണ്ട്. ലോഗോയിലെ ഏഴ് ഇതളുകൾ ലോകത്തിലെ ഏഴു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു, ഒപ്പം സംഗീതത്തിലെ ഏഴു സ്വരങ്ങളെ സൂചിപ്പിക്കുന്നു. ജി20 ലോകത്തെ ഒന്നിച്ച് നിർത്തുന്നു. ഇന്ത്യയുടെ പാരമ്പര്യത്തിൻറെയും പൌരാണീകതയുടെയും, നമ്മുടെ വിശ്വാസത്തിൻറെയും ചിഹ്നമാണ് താമര” – പ്രധാനമന്ത്രി പറഞ്ഞു.
കൊളോണിയലിസത്തിൻറെ കറുത്ത നാളുകളിലൂടെയാണ് രാജ്യ കടന്നുവന്നത്. അതിനാൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. എന്നാൽ ആ അനുഭവങ്ങളിൽ നിന്നും ഇന്ത്യ കരുത്ത് നേടി. ഇന്ത്യ പുതിയ ഇന്ത്യയുടെ കഴിവുകളിൽ ലോകം ആകർഷിക്കപ്പെടുകയാണ്. ലോകം നമ്മൾ മുന്നിൽ നിന്ന് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ ലോകത്തിൻറെ പ്രതീക്ഷകൾ കാക്കേണ്ടത് നമ്മുടെ കടമയാണ്. 130 കോടിയുടെ ശേഷിയുണ്ട് പുതിയ ഇന്ത്യയ്ക്ക്, എല്ലാം സംയോജിച്ച രാജ്യമാണിത് – പ്രധാനമന്ത്രി മോദി പറഞ്ഞു.
മൂന്നാം ലോക രാജ്യം എന്ന അവസ്ഥയിൽ നിന്ന് ഒന്നാം രാജ്യം എന്ന അവസ്ഥയിലേക്ക് നാം മാറാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം. ഒരു സൂര്യൻ, ഒരു ലോകം പോലുള്ള പുനർനിർമ്മിക്കാവുന്ന ഊർജ്ജ പദ്ധതികളിലൂടെ നാം ലോകത്തിന് മാതൃകയാകണം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതായിരിക്കണം നമ്മുടെ മന്ത്രം. അതിലൂടെ ജി20 ലോകത്തിൻറെ ക്ഷേമത്തിന് വഴിപാകണം.
അതേ സമയം ജി20 പ്രസിഡൻറിസി ഇന്ത്യയ്ക്ക് ലോകത്തിൻറെ മുന്നിൽ പുത്തൻ വിഷയങ്ങൾ കൂടുതൽ ശക്തമായി ഉന്നയിക്കാൻ അവസരം നൽകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ ഒന്നിനാണ് ഇന്ത്യ ജി 20 പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുക. നിലവിൽ ഇന്തോനേഷ്യയാണ് ഈ സ്ഥാനത്ത് ഉള്ളത്.
ലോകത്തിൻറെ 85 ശതമാനം ജിഡിപി കൈയ്യാളുന്ന രാജ്യങ്ങളാണ് ജി20യിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ. ഈ രാജ്യങ്ങളുടെ സാമ്പത്തിക സഹകരണമാണ് ഈ അന്താരാഷ്ട്ര സംഘടന ലക്ഷ്യം വയ്ക്കുന്നത്. ലോകത്തിലെ മൊത്തം വ്യാപാരത്തിൻറെ 70 ശതമാനം ജി20 രാജ്യങ്ങളാണ് നടത്തുന്നത്. അടുത്ത വർഷത്തെ ജി20 ഉച്ചകോടി ഇന്ത്യയിലാണ് നടക്കുക.