സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണമെന്ന് പറയുന്നത് എന്ത് കൊണ്ടെന്നോ?

Advertisement

സാമ്പത്തിക സ്വാതന്ത്ര്യം നമ്മുടെ സ്വന്തം ഇഷ്ടത്തിന്‌ ജീവിക്കാനുള്ള അവസരം ഓരോരുത്തർക്കും തുറന്ന്‌ നൽകുന്നു. നമ്മുടെ രാജ്യത്തെ സ്‌ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിന്‌ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്‌.

പലർക്കും ഇതിനുള്ള അവസരം ലഭിക്കാറില്ല. അവസരം കിട്ടിയവർക്കാകട്ടെ പലപ്പോഴും കുടുംബത്തിനും കുട്ടികൾക്കും വേണ്ടി പലപ്പോഴും അവ തൃജിക്കേണ്ട സ്ഥിതിയും ഉണ്ടാകുന്നു. ഈ മാറിയ സാഹചര്യത്തിൽ, വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കുടുംബത്തിൽ ഓരോരുത്തരും സാമ്പത്തികമായി സ്വതന്ത്രരാകേണ്ടതുണ്ട്‌. പല സ്‌ത്രീകളും പ്രത്യേകിച്ച്‌ ഇന്ത്യയിൽ വിവാഹത്തിന്‌ ശേഷം തങ്ങളുടെ ജോലി ഉപേക്ഷിക്കുന്ന ഒരു പ്രവണതയാണ്‌ കണ്ടു വരുന്നത്‌. ഇവരിൽ ഭൂരിപക്ഷം സ്‌ത്രീകളും മികച്ച വിദ്യാഭ്യാസം നേടിയവരും നന്നായി സമ്പാദിക്കാൻ കഴിയുന്നവരുമാണ്‌. എന്നാൽ വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള സമ്മർദ്ദം മൂലം ഇവർക്ക്‌ പലപ്പോഴും വിവാഹ ശേഷം ജോലി ഉപേക്ഷിക്കേണ്ടി വരുന്നു. ചിലപ്പോൾ ഇത്‌ അമ്മയായ ശേഷവും ആകാം. ഈ സാഹചര്യത്തിലാണ്‌ സ്‌ത്രീകൾ എന്ത്‌ കൊണ്ട്‌ സാമ്പത്തിക സുരക്ഷിതത്വം നേടണം എന്നതിന്റെ പ്രസക്തി.

കുടുംബത്തിന്റെ ചെലവാക്കാൽ സാധ്യത

സാമ്പത്തികമായി സ്വതന്ത്രയായ ഒരു സ്‌ത്രീക്ക്‌ തന്റെ കുടുംബത്തെ തനിക്ക്‌ സാധ്യമായ എല്ലാവിധത്തിലും പിന്തുണയ്‌ക്കാൻ സാധിക്കും. ഈ പണപ്പെരുപ്പത്തിന്റെ കാലത്ത്‌ ഒരാളുടെ മാത്രം വരുമാനം കൊണ്ട്‌ കുടുംബം നടത്തിക്കൊണ്ടു പോകുക എന്നത്‌ തീർത്തും അസാധ്യമാണ്‌.

ആത്മാഭിമാനം

പലപ്പോഴും സ്‌ത്രീകളുടെ ആത്മാഭിമാനം അവഗണിക്കപ്പെടാറാണ്‌ പതിവ്‌. സ്വന്തമായി വരുമാനമുള്ള ഒരു സ്‌ത്രീക്ക്‌ എപ്പോഴും തന്റെ ആവശ്യങ്ങൾക്ക്‌ വേണ്ടി ഭർത്താവിനെ ആശ്രയിക്കേണ്ടി വരുന്നില്ല.

കുടുംബാംഗങ്ങളിൽ നിന്ന്‌ ബഹുമാനം ആർജ്ജിക്കാൻ

സാമ്പത്തികമായി സ്വതന്ത്രയായ ഒരു സ്‌ത്രീക്ക്‌ കുടുംബത്തിലെ മുഴുവൻ അംഗങ്ങളിൽ നിന്നും ബഹുമാനം ആർജ്ജിക്കാനാകുന്നു. സാമ്പത്തികമായി കുടുംബത്തെ ആശ്രയിക്കുന്ന സ്‌ത്രീകൾക്ക്‌ പലപ്പോഴും അപമാനം നേരിടേണ്ടി വരാറുണ്ട്‌. സാമ്പത്തികമായി സ്വതന്ത്രയായ സ്‌ത്രീയെ ബന്ധുക്കളും അയൽക്കാരും പോലും ബഹുമാനിക്കുന്നു.

അരാജകത്വത്തിനും അനീതിക്കുമെതിരെ ശക്തമായ നിലപാടെടുക്കാൻ സഹായിക്കുന്നു

സാമ്പത്തികമായി സ്വതന്ത്രരല്ലാത്ത സ്‌ത്രീകൾക്ക്‌ തങ്ങൾക്ക്‌ വേണ്ടിയോ സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട മറ്റുള്ളവർക്ക്‌ വേണ്ടിയോ ശബ്ദമുയർത്താനാകില്ല. സാമ്പത്തികമായി നമുക്ക്‌ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത്‌ പലപ്പോഴും ഭർത്താവും മറ്റ്‌ കുടുംബാംഗങ്ങളും നമ്മെ ചൂഷണം ചെയ്യാൻ കാരണമാകുന്നു.

ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു

സാമ്പത്തിക സ്വാതന്ത്ര്യം നമ്മിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ആത്മവിശ്വാസമുള്ള സ്‌ത്രീയ്‌ക്ക്‌ തന്റെ കുടുംബത്തിന്‌ വേണ്ടി മികച്ച തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നു.