പ്രണയം നിരസിച്ച യുവതിയെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നു

Advertisement

നോയിഡ: പ്രണയം നിരസിച്ചതിനു കെട്ടിട്ടത്തിന്റെ മൂന്നാംനിലയിൽ നിന്ന് യുവതിയെ തള്ളിയിട്ടു കൊന്നു. അതിനു ശേഷം മൃതദേഹവുമായി കടന്ന യുവാവ് പിടിയിലായി

ഉത്തർപ്രദേശിലെ നോയിഡയിൽ ആണ് സംഭവം. യുവതിയുടെ മൃതദേഹവുമായി ഉത്തർപ്രദേശിലെ ബിജ്‌നോറിലേക്കു കടക്കാനായിരുന്നു പ്രതി ഗൗരവിന്റെ പദ്ധതിയെന്നും ആംബുലൻസിൽ യുവതിയുടെ മൃതദേഹവുമായി യാത്ര ചെയ്യുമ്പോൾ മീററ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും ഗൗതം ബുദ്ധ നഗർ പൊലീസ് അറിയിച്ചു.

നോയിഡയിലെ ഹോഷിപുർ ശർമ മാർക്കറ്റിലെ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്‌തിരുന്ന ശീതൾ(22) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പെൺകുട്ടിയെ വർഷങ്ങളായി പ്രതിക്ക് പരിചയമുണ്ട്. പലതവണ ശീതളിനോട് പ്രതി പ്രണയാഭ്യർഥന നടത്തിയിരുന്നുവെങ്കിലും അതെല്ലാം യുവതി നിരസിച്ചു. പെൺകുട്ടിയെ പിന്നാലെ നടന്നു ഗൗരവ് ശല്യപ്പെടുത്തുന്നതു പതിവായതോടെ സെപ്റ്റംബർ 29 ന് കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് യുവാവിനെ അറസ്റ്റ് ചെ‌യ്‌തെങ്കിലും പെൺകുട്ടിയെ ശല്യം ചെയ്യില്ലെന്ന ഉറപ്പിൽ പൊലീസ് വിട്ടയച്ചു.

എന്നാൽ ഗൗരവ് ചൊവ്വാഴ്‌ച നോയിഡയിൽ പെൺകുട്ടി ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിൽ എത്തുകയായിരുന്നു. പെൺകുട്ടി നിലപാട് ആവർത്തിച്ചതോടെ മൂന്നാംനിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നും മൃതദേഹവുമായി കടന്നുകളഞ്ഞുവെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ഓടികൂടിയതിനു പിന്നാലെ ഗൗരവും താഴെയെത്തി. പെൺകുട്ടിയുടെ സഹോദരനാണെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ആളുകളോട് പറഞ്ഞതിനു പിന്നാലെ മൃതദേഹം കാറിൽ കയറ്റി ഓടിച്ചു പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

നിരന്തരം പെൺകുട്ടിയെ ഗൗരവ് ശല്യപ്പെടുത്തിയിരുന്നതായും പൊലീസിൽ പരാതി നൽകിയിട്ടും ചെറുവിരൽ അനക്കിയില്ലെന്നും കൊല്ലപ്പെട്ട ശീതളിന്റെ സഹോദരൻ കുനാൽ മാധ്യമങ്ങളോട് പറഞ്ഞു. ശീതളിനെ താൻ വിവാഹം കഴിച്ചിരുന്നുവെന്നും തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നും ഗൗരവ് പൊലീസിൽ മൊഴി നൽകി.