ലാലു പ്രസാദ് യാദവിന് മകൾ വൃക്ക നൽകും; ശസ്ത്രക്രിയ നവംബർ അവസാനവാരം

Advertisement

ന്യൂഡൽഹി: ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാവുന്നു. കഴിഞ്ഞ ഏതാനം വർഷങ്ങളായി വൃക്കരോഗത്തിന് ചികിത്സയിലാണ് ലാലു. മകൾ രോഹിണി ആചാര്യയാണ് ലാലുവിന് വൃക്ക നൽകുക. സിംഗപ്പൂരിൽ വെച്ചാവും ലാലുവിന്റെ ശസ്ത്രക്രിയ നടക്കുക.

ഒക്ടോബറിൽ മകളെ കാണാനായി ലാലു സിംഗപ്പൂരിലെത്തിയിരുന്നു. ഇതിനിടെയാണ് അവിടെ പരിശോധന നടത്തുകയും വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തത്. അതേസമയം, മകൾ രോഹിണി വൃക്ക നൽകുന്നതിനെ ലാലു പ്രസാദ് ആദ്യം അനുകൂലിച്ചില്ലെന്നാണ് സൂചന. എന്നാൽ, മകളുടേയും കുടുംബാംഗങ്ങളുടേയും സമ്മർദ്ദത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു.

നവംബർ 20നും 24നും ഇടക്ക് ലാലു പ്രസാദ് യാദവ് സിംഗപ്പൂർ സന്ദർശിക്കുമെന്നാണ് സൂചന. അവിടെവെച്ച് ശസ്ത്രക്രിയക്ക് വിധേയനായേക്കും. ലാലുവിന്റെ രണ്ടാമത്തെ മകളായ​ രോഹിണി വർഷങ്ങളായി സിംഗപ്പൂരിലാണ് സ്ഥിരതാമസം. കഴിഞ്ഞ ഏഴ് വർഷമായി ഡൽഹി എയിംസിലാണ് ലാലു പ്രസാദ് യാദവിന്റെ ചികിത്സ. എന്നാൽ, എയിംസിലെ ഡോക്ടർമാർ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചിരുന്നില്ല.

Advertisement