ഗ്യാൻവാപി കേസ്: ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി നീട്ടി

Advertisement

ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്രവയ്ക്കാനുള്ള ഉത്തരവിന്റെ കാലാവധി സുപ്രീംകോടതി നീട്ടി. അനിശ്ചിത കാലത്തേക്കാണ് നീട്ടിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇതോടെ കേസിൽ മറ്റ് ഉത്തരവുകൾ വരുന്നത് വരെ പള്ളിയിൽ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗം സംരക്ഷിക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. ഹിന്ദു-മുസ്ലീം സംഘടനകൾ നിലവിലുള്ള സാഹചര്യം അംഗീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. സംരക്ഷണം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു സംഘടനകളുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ഗ്യാൻവാപി പള്ളിയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്രവെച്ച് സീൽ ചെയ്യാൻ കഴിഞ്ഞ മേയ് മാസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സ്ഥലത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാൻ വാരണാസി ജില്ലാ കോടതിയോട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് നേരത്തെ പുറത്തിറക്കിയ ഉത്തരവിന്റെ കാലാവധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അനിശ്ചിത കാലത്തേക്ക് നീട്ടിയത്.

നേരത്തെ പള്ളിയിൽ നടന്ന സർവേയ്ക്കിടെയാണ് ഇവിടെ ശിവലിംഗം കണ്ടെത്തിയതെന്നാണ് അഭിഭാഷകനായ വിഷ്ണു ജയിൻ അവകാശപ്പെട്ടിരുന്നത്. പ്രാർഥനയ്ക്ക് മുമ്പ് വിശ്വാസികൾ ശുദ്ധിനടത്തുന്ന കുളത്തിലെ വെള്ളം വറ്റിച്ചപ്പോൾ 12 അടി ഉയരമുള്ള ശിവലിംഗം കണ്ടെടുത്തുവെന്നാണ് പറഞ്ഞിരുന്നത്. അതേസമയം കുളത്തിൽനിന്ന് ലഭിച്ചത് ശിവലിംഗം അല്ലെന്നാണ് എതിർഭാഗം അഭിഭാഷകന്റെ വാദം.

Advertisement