പ്രായപൂർത്തിയാകാത്ത മകളെ സ്വന്തം കാമുകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ

Advertisement

മുംബൈ : പ്രായപൂർത്തിയാകാത്ത മകളെ കാമുകന് വിവാഹം കഴിപ്പിച്ച്‌ കൊടുത്ത സംഭവത്തിൽ അമ്മയും കാമുകനും പിടിയിൽ.

മഹാരാഷ്‌ട്രയിലെ പൂനെയിലാണ് സംഭവം. 15 വയസ്സ് മാത്രം പ്രായമുളള മകളെയാണ് 28 കാരനായ അമ്മയുടെ കാമുകന് വിവാഹം ചെയ്തുകൊടുത്തത്. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു.

36 കാരിയായ അമ്മയാണ് മകളെ കാമുകന് വിവാഹം ചെയ്തുകൊടുത്തത്. തുടർന്ന് ഇവർ മകളെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. തന്റെ ദുരിതം പെൺകുട്ടി ക്ലാസിലെ സുഹൃത്തിനോട് വിവരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സുഹൃത്തായ പെൺകുട്ടി ഇക്കാര്യം സാമൂഹിക പ്രവർത്തകയോട് പറഞ്ഞു. തുടർന്ന് ഇവരാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി.

28 കാരനായ യുവാവ് ഇവരുടെ അകന്ന ബന്ധുവാണ്. അമ്മയ്‌ക്ക് ഇയാളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇത് മറയ്‌ക്കാൻ വേണ്ടിയാണ് സ്വന്തം മകളെ വിവാഹം ചെയ്തുകൊടുത്തത്. വിവാഹം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മകളെ വിവാഹത്തിന് സമ്മതിപ്പിച്ചത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement