മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുബൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ മണിക്കൂറുകൾ തടഞ്ഞു വച്ചു. ഷാരൂഖിന്റേയും ഒപ്പമുണ്ടായിരുന്നവരുടേയും ബാഗേജുകളിൽ ആഡംബര വാച്ചുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവയായി നൽകിയ ശേഷമാണ് താരത്തെ വിട്ടയച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്ത ശേഷം വെള്ളിയാഴ്ച രാത്രിയിലാണ് സ്വകാര്യ വിമാനത്തിൽ താരം മുംബൈ വിമാനത്താവളത്തിൽ എത്തിയത്.
ഷാരൂഖ് ഖാനേയും മാനേജരേയും കസ്റ്റംസ് നടപടികൾക്ക് ശേഷം പോകാൻ അനുവദിച്ചുവെങ്കിലും സംഘത്തിലുണ്ടായിരുന്ന താരത്തിന്റെ ബോഡിഗാർഡിനെയും മറ്റു ചിലരേയും ശനിയാഴ്ച രാവിലെയാണ് പോകാൻ അനുവദിച്ചത്.
18 ലക്ഷത്തോളം രൂപ വില വരുന്ന ആറ് ആഡംബര വാച്ചുകളാണ് താരത്തിന്റേയും സംഘത്തിന്റേയും ബാഗേജുകളിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
2011-ൽ അധിക ബാഗേജിന് ഷാരൂഖ് ഖാൻ മുംബൈ വിമാനത്താവളത്തിൽ 1.5 ലക്ഷം പിഴ അടക്കേണ്ടി വന്നിരുന്നു.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെള്ളിയാഴ്ചയാണ് ഷാരൂഖ് ഖാൻ പങ്കെടുത്തത്. പുസ്തകോത്സവത്തിൽ ഗ്ലോബൽ ഐക്കൺ ഓഫ് സിനിമ ആൻഡ് കൾച്ചറൽ നറേറ്റീവ് അവാർഡ് താരത്തിന് സമ്മാനിച്ചിരുന്നു.