യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി; 4 വർഷത്തിനുശേഷം ഭാര്യയും കാമുകനും പിടിയിൽ

Advertisement

ഗാസിയാബാദ്: ഉത്തർപ്രദേശിൽ ഭാര്യയും കാമുകനും ചേർന്ന് കൊന്നുകുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹം നാല് വർഷത്തിനുശേഷം പൊലീസ് കണ്ടെത്തി. കാമുകന്റെ വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

2018ലാണ് യുവതി ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് പൊലീസിൽ പരാതി നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ അടുത്തിടെയാണ് തെളിവ് ലഭിച്ചത്.

സവിതയും കാമുകൻ അരുണും ചേർന്ന് ചന്ദ്ര വീർ എന്ന യുവാവിനെയാണു കൊന്നത്. ചന്ദ്രവീറിനെ വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മൃതദേഹം അരുണിന്റെ വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. ആറ് അടിയോളം ആഴമുള്ള കുഴി മൂടി തറ സിമന്റിട്ടശേഷം അരുൺ ഇതേ വീട്ടിൽ ജീവിച്ചുവരികയായിരുന്നു. ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാനാണ് ആഴത്തിൽ കുഴിയെടുത്തത്.

കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത് കുഴി തയാറാക്കിവച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കോടാലിയും കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയിൽ അസ്ഥികൂടവും കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് നടന്ന മറ്റൊരു കൊലപാതകം അന്വേഷിക്കാനെത്തിയപ്പോഴാണ് ചന്ദ്ര വീറിനെ കൊലപ്പെടുത്തിയ കേസിൽ തെളിവ് ലഭിച്ചത്.

Advertisement