പട്ന: ബിഹാറിലെ സർക്കാർ ആശുപത്രിയിൽ സ്ത്രീകളോട് കൊടുംക്രൂരത. വന്ധ്യംകരണ ശസ്ത്രക്രിയക്ക് എത്തിയ സ്ത്രീകൾക്ക് അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയ നടത്തി.
സംഭവം വിവാദമായതോടെ, ശസ്ത്രക്രിയക്ക് ശേഷം സ്ത്രീകൾക്ക് അനസ്തേഷ്യ നൽകി. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആരോഗ്യ വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.
ബിഹാറിലെ ഖഗാരിയ ജില്ലയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. അനസ്തേഷ്യ നൽകാതെ നടത്തിയ ശസ്ത്രക്രിയക്കിടെ വേദന കൊണ്ട് പുളഞ്ഞ സ്ത്രീകൾ നിലവിളിച്ചു. അപ്പോൾ ആരോഗ്യ പ്രവർത്തകർ അവരുടെ കൈകാലുകൾ കൂട്ടിപ്പിടിച്ചു. അപ്പോഴും, വേദന കുറയാനുള്ള കുത്തിവെപ്പോ ഗുളികയോ നൽകിയില്ലെന്നും ശസ്ത്രക്രിയക്ക് വിധേയരായവർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. ചില സ്ത്രീകൾക്ക് ശസ്ത്രക്രിയ നടത്തിയപ്പോൾ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും, മറ്റ് ജീവനക്കാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയതെന്നും ആക്ഷേപമുണ്ട്.