ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ സ്ത്രീയെയും പുരുഷനെയും വനപ്രദേശത്ത് വിചിത്രമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മന്ത്രവാദി അറസ്റ്റില്‍.
ഉദയ്പൂരിലെ കേളബവാഡിയില്‍ നവംബര്‍ 18 നാണ് പുരുഷന്റെയും സ്ത്രീയുടേയും നഗ്‌നമായ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. അധ്യാപകനായ രാഹുല്‍ മീണ ( 30), സോനു കന്‍വാര്‍(28) എന്നിവരാണ് മരിച്ചത്. ലൈംഗികമായി ബന്ധപ്പെടുന്നതരത്തില്‍ ശരീരമാകെ സൂപ്പര്‍ ഗ്‌ളൂ എന്ന പശ വച്ച് ഒട്ടിയ നിലയിലായിരുന്നു മൃതദേഹം. രാസപ്രവര്‍ത്തനത്താല്‍ മൃതദേഹം വികൃതമായിരുന്നു.
ദുരഭിമാന കൊലയാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങുന്നത്. എന്നാല്‍ കേസില്‍ മന്ത്രവാദി പിടിയിലാകുന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രാഹുലിന്റെയും സോനുവിന്റെയും കുടുംബം മന്ത്രവാദി ഇച്ചപൂര്‍ണ ശേഷനാഗ് ഭാവ്ജി മന്ദിറിലെ താന്ത്രിക് ഭലേഷ് കുമാറിന്റെ സമീപം നിത്യ സന്ദര്‍ശകരാണ്.
മുമ്ബ് വിവാഹിതരായിരുന്ന ഇവര്‍ ഇവിടെ വെച്ചാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് പരിചയം പ്രണയമായി മാറി. ഇതോടെ രാഹുലിന്റെ വീട്ടില്‍ ഭാര്യയുമായി നിത്യവും വഴക്കായി. തുടര്‍ന്ന് രാഹുലിന്റെ ഭാര്യ മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു. സോനുവുമായി അടുപ്പം പുലര്‍ത്തിയിരുന്ന മന്ത്രവാദി, രാഹുലും സോനുവും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് രാഹുലിന്റെ ഭാര്യയെ അറിയിച്ചു.
ഇക്കാര്യം മനസ്സിലാക്കിയ രാഹുലും സോനുവും, കള്ള പീഡനക്കേസ് നല്‍കി അപകീര്‍ത്തിപ്പെടുത്തുമെന്ന് മന്ത്രവാദിയെ ഭീഷണിപ്പെടുത്തി. ഇതോടെ തന്റെ പ്രശസ്തി നഷ്ടപ്പെടുമോ എന്ന് ഭയന്ന, മന്ത്രവാദി, പ്രതികാരം ചെയ്യാന്‍ ഒരു ഗൂഢാലോചന നടത്തി. പൂജയുടെ ഭാഗമായി നവംബര്‍ 15 ന് വൈകീട്ട് രാഹുലിനെയും സോനുവിനെയും ഒരു വനത്തിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ക്ഷണിക്കുകയും തന്റെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനുമുമ്ബായി മന്ത്രവാദി അന്‍പതോളം ട്യൂബ് സൂപ്പര്‍ ഗ്ലൂ വാങ്ങി കുപ്പിയില്‍ ഒഴിച്ചു കൈവശം വെച്ചിരുന്നു. രാഹുലും സോനുവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മന്ത്രവാദി ഇവര്‍ക്കു മേല്‍ സൂപ്പര്‍ ഗ്ലൂ ഒഴിച്ചു. നഗ്‌നമായി പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പശ വീണതോടെ വേര്‍പെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് രാഹുലിന്റെ ജനനേന്ദ്രിയം ശരീരത്തില്‍ നിന്നും വേര്‍പെട്ടിരുന്നു.
സോനുവിന്റെ സ്വകാര്യഭാഗങ്ങളിലും മുറിവേറ്റിരുന്നു. ഇതിനിടെ രാഹുലിന്റെ കഴുത്ത് അറുക്കുകയും സോനുവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. 50 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും, 200 ഓളം പേരെ ചോദ്യം ചെയ്തതിലൂടെയാണ് മന്ത്രവാദിയിലേക്ക് പൊലീസിന്റെ സംശയം എത്തുന്നത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഭീകരവും അതിക്രൂരവുമായ കൊലപാതകം സമ്മതിച്ചത്.