ഷിംല: മുൻ പിസിസി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. സുഖ്‌വിന്ദറിന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഉടൻ ചേരും. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഹിമാചലിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകുമെന്നതു സംബന്ധിച്ച അനിശ്ചിതത്വത്തിന് അന്ത്യമാകും.
സുഖ്‌വിന്ദറിനു പുറമെ, അന്തരിച്ച മുൻമുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടത്. ഇന്നലെ ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ സമവായമുണ്ടാകാത്തതിനാൽ തീരുമാനം ഹൈക്കമാൻഡിന് വിടുകയായിരുന്നു. ഇന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാമെന്നാണു കണക്കുകൂട്ടൽ.
ഹിമാചലിലെ ഹാമിർപുരിലെ നഡൗനിൽനിന്ന് മൂന്നാം തവണ നിയമസഭയിലെത്തിയ ആളാണ് സുഖ്‌വിന്ദർ. 40ൽ 25 എംഎൽഎമാരും സുഖ്‌വിന്ദറിനാണു പിന്തുണ അറിയിച്ചത്. എൽഎൽബി ബിരുദധാരിയായ സുഖ്‌വിന്ദർ, കോൺഗ്രസ് സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
ഹിമാചലിൽ പ്രബല വിഭാഗമായ ഠാക്കുർ സമുദായത്തിൽ നിന്നുള്ളവരാണ് ഏറ്റവുമധികം തവണ മുഖ്യമന്ത്രിമാരായിട്ടുള്ളത്. ആ രീതി തുടർന്നതാണ് സുഖുവിന് നറുക്കു വീഴാൻ കാരണം. ലോക്സഭാംഗമായ പ്രതിഭയും ഈ വിഭാഗത്തിൽനിന്നാണെങ്കിലും മുഖ്യമന്ത്രിയാക്കിയാൽ അവർ ഒഴിയുന്ന സീറ്റിലേക്കും അവരെ നിയമസഭയിലേക്കു ജയിപ്പിക്കാനുമായി രണ്ട് ഉപതിരഞ്ഞെടുപ്പുകൾ കോൺഗ്രസിനു നേരിടേണ്ടി വരും. മാത്രമല്ല എംഎൽഎമാർക്കിടയിൽ നിന്നുള്ളയാൾ മുഖ്യമന്ത്രിയാകണമെന്ന വാദത്തോടുള്ള ഹൈക്കമാൻഡിനു യോജിപ്പും സുഖുവിന് തുണയായി.