സുഖ്‌വിന്ദർ അധികാരമേറ്റു; സത്യപ്രതിജ്ഞയ്ക്ക് പ്രിയങ്കയും രാഹുലും അടക്കമുള്ള നേതാക്കൾ

Advertisement

ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സുഖുവും ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിമാചൽ പ്രദേശിന്റെ 15-ാം മുഖ്യമന്ത്രിയാണ് സുഖ്‌വിന്ദർ. ഷിംലയിലെ റിഡ്‌ജെ മൈതാനത്ത് ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു ചടങ്ങുകൾ.

എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എം.പി., എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്ര, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, രാജസ്ഥാൻ മുൻഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായിരുന്ന വീരഭദ്ര സിങ്ങിന് നേതാക്കന്മാർ ആദരം അർപ്പിക്കുകയും ചെയ്തു. വേദിയിൽ സജ്ജമാക്കിയിരുന്ന വീരഭദ്ര സിങ്ങിന്റെ വലിയചിത്രത്തിലാണ് സത്യപ്രതിജ്ഞയ്ക്കു പിന്നാലെ നേതാക്കന്മാർ ആദരം അർപ്പിച്ചത്. മുൻപ് ആറുവട്ടം വീരഭദ്ര സിങ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.

വീരഭദ്ര സിങ്ങിന്റെ ഭാര്യയും നിലവിലെ ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷയുമായ പ്രതിഭാ സിങ്ങിനെ രാഹുൽ ഗാന്ധി ചടങ്ങിനിടെ ആശ്ലേഷിക്കുകയും ചെയ്തു. മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടി, നേരത്തെ പ്രതിഭ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഹൈക്കമാൻഡ് സുഖ്‌വിന്ദർ സുഖുവിനെ നിർദേശിക്കുകയായിരുന്നു