ബാലസോർ (ഒഡീഷ): ഇന്ത്യയുടെ നവീനവും കരുത്തേറിയതുമായ ആണവ–ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ‘അഗ്നി –5’ന്റെ രാത്രി പരീക്ഷണം വിജയം. 5,400 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിനു ചൈനയുടെ മുഴുവൻ ഭൂപരിധിയും ലക്ഷ്യമിടാനാകും. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽനിന്ന് വൈകിട്ട് 5.30 ഓടെ ആയിരുന്നു പരീക്ഷണം.
അരുണാചലിലെ തവാങ്ങിൽ ഇന്ത്യ – ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായതിനു പിന്നാലെയാണ്, ഇന്ത്യ വിജയകരമായി മിസൈൽ പരീക്ഷണം നടത്തിയത്. അഗ്നി 5 മിസൈലുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകളുടെയും സംവിധാനങ്ങളുടെയും ഫലപ്രാപ്തി ഉറപ്പാക്കുന്നതിനായിരുന്നു പരീക്ഷണം. ഈ മിസൈലിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് ഉൾപ്പെടെ ചൈനയിലെ എല്ലാ പ്രമുഖ നഗരങ്ങളെയും ലക്ഷ്യമിടാനുള്ള ശേഷിയുണ്ട്.
2012 ൽ ആദ്യമായി പരീക്ഷണ വിക്ഷേപണം നടത്തിയ അഗ്നി 5 മിസൈലിന്റെ ഒൻപതാം പരീക്ഷണമാണ് ഇന്നത്തേതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഗ്നി–1 (ദൂരപരിധി: 700 കിലോമീറ്റർ), അഗ്നി–2 (2000 കിലോമീറ്റർ), അഗ്നി–3, –4 (2500–3000 കിലോമീറ്റർ) എന്നീ മിസൈലുകൾ നിലവിൽ ഇന്ത്യക്കുണ്ട്.
ഇവയ്ക്കു പുറമെ, 8000 കിലോമീറ്റർ മുതൽ 10,000 കിലോമീറ്റർ വരെ ദൂരപരിധി പ്രതീക്ഷിക്കുന്ന ‘അഗ്നി 6’–ന്റെ പണിപ്പുരയിലാണ് ഇന്ത്യയെന്നും റിപ്പോർട്ടുകളുണ്ട്. കടലിൽനിന്നും കരയിൽനിന്നും വിക്ഷേപിക്കാവുന്ന തരത്തിലാകും ഇതിന്റെ നിർമാണം.