ന്യൂഡൽഹി: നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി ഫുട്‌പാത്തിലൂടെ നടന്ന മൂന്നു കുട്ടികൾക്ക് പരുക്ക്. വടക്കൻ ഡൽഹിയിലെ ഗുലാബി ബാഗിലെ ലീലാവതി സ്‌കൂളിന് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. പത്ത്, നാല്, ആറ് എന്നിങ്ങനെ വയസ്സുള്ള മൂന്നു കുട്ടികളുടെ ദേഹത്തേയ്ക്കാണ് കാർ പാഞ്ഞുകയറിയത്. ആറു വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. കാർ ഡ്രൈവറായ പ്രതാപ് നഗർ സ്വദേശി ഗജേന്ദറിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം വിട്ടുവന്ന കാർ ഫുട്പാത്തിലൂടെ കയറിയിറങ്ങി അവിടെ നിന്നിരുന്ന കുട്ടികളെ ഇടിച്ചുതെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉടൻ തന്നെ സമീപത്തുനിന്നവർ കുട്ടികളുടെ അടുത്തേയ്ക്ക് ഓടിയെത്തുന്നുണ്ട്. ചിലർ കാറിനു സമീപമെത്തി ഡ്രൈവറെ മർദിക്കുന്നതും കാണാം.
നാട്ടുകാർ ചേർന്നാണ് ഇയാളെ പൊലീസിൽ ഏൽപ്പിച്ചത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി ചിലർ ആരോപിച്ചു. രോഷാകുലരായ നാട്ടുകാർ കാർ തല്ലിതകർത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.