ന്യൂഡൽഹി: രാജ്യത്ത് കള്ളനോട്ട് പിടികൂടുന്നതിൽ വൻ വർധനയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ പിടികൂടിയത് 137 കോടി രൂപയുടെ കള്ളനോട്ടുകളാണ്. ഇതിൽ അധികവും 2000ന്റെ നോട്ടുകൾ ആണെന്ന് കണക്കുകൾ പറയുന്നു.
ഇത് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സർക്കാരിനും പൊലീസിനും വലിയ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നുണ്ട്. മൂന്ന് വർഷത്തിനിടെ 137 കോടി രൂപ മൂല്യമുള്ള വ്യാജ കറൻസിയാണ് പൊലീസും മറ്റ് സുരക്ഷാ സേനകളും ചേർന്ന് പിടികൂടിയത്.
അതിർത്തി രക്ഷാ സേനയും പൊലീസും ചേർന്നാണ് അധികം വ്യാജ നോട്ടുകളും പിടികൂടിയിരിക്കുന്നത്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയാൻ കഴിയുമെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ അവകാശവാദം. എന്നാൽ, സ്ഥിതിവിവരക്കണക്കുകൾ തികച്ചും വ്യത്യസ്തമായ യാഥാർത്ഥ്യമാണ് വെളിപ്പെടുത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം 2019 മുതൽ 2021 വരെ 137,96,17,270 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടികൂടി.