‘കുട്ടിയെ ടെറസിൽ എത്തിച്ച് നഗ്നനാക്കി മർദിച്ചു; ദേഹമാകെ മുളകുപൊടി വിതറി’

Advertisement

ഹൈദരാബാദ്: കടയിൽ മോഷണം നടത്തിയെന്നാരോപിച്ചു പത്തു വയസ്സുകാരനു ക്രൂരപീഡനം. കുട്ടിയുടെ വസ്ത്രം അഴിച്ച് മർദിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി തേയ്ക്കുകയും ചെയ്തു. ഹൈദരാബാദ് നഗരത്തിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

ശീതളപാനീയം മോഷ്ടിച്ചെന്ന് ആരോപിച്ചാണു കുട്ടിയെ മർദിച്ചത്. സംഭവത്തിൽ കടയുടമ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ കുട്ടിയെ കടയുടമ അയാളുടെ വീടിന്റെ ടെറസിലേക്കു കൊണ്ടുപോവുകയും നഗ്നനാക്കി മർദിച്ച് ശരീരത്തിൽ മുളകുപൊടി വിതറിയെന്നും അമ്മയുടെ പരാതിയിൽ പറയുന്നു. നഗ്നനാക്കി കെട്ടിയിട്ട കുട്ടി കരയുന്നതിന്റെ വിഡിയോ പുറത്തുവന്നു.

കണ്ണുകളിൽ അസ്വസ്ഥതയുണ്ടായ കുട്ടി, ശരീരമാകെ തടവുന്നതും കാണാം. മുളകുപൊടി വീണ് ദേഹമാകെ പൊള്ളിയതും വിഡിയോയിൽ വ്യക്തം. കടക്കാരൻ പൈപ്പ് കൊണ്ടു കുട്ടിയെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് അമ്മാവൻ ആരോപിച്ചു. മോഷണം ആവർത്തിക്കാതിരിക്കാൻ പേടിപ്പിക്കാനാണു ശ്രമിച്ചതെന്നാണു കടക്കാരന്റെ മൊഴിയെന്നു പൊലീസ് ഉദ്യോഗസ്ഥൻ സൈദ ബാബു ദേശീയ മാധ്യമത്തോടു പറഞ്ഞു.