മകളുടെ മൃതദേഹം ഓപറേഷൻ തിയറ്റർ അലമാരയിൽ, അമ്മയുടേത് കട്ടിലിനടിയിൽ

Advertisement

അഹമ്മദാബാദ്∙ ആശുപത്രിയിൽ അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. മകളുടെ മൃതദേഹം ഓപറേഷൻ തിയറ്ററിലെ അലമാരയിലും അമ്മയുടേത് കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിൽ ബുലാഭായ് പാർക്കിന് സമീപത്തെ ആശുപത്രിയിലാണ് സംഭവം.

ഭാരതിവാല (30), അമ്മ ചാമ്പ വാല എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതാണെന്ന് അഹമ്മദാബാദ് എസിപി മിലാപ് പട്ടേൽ പറഞ്ഞു. സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ മൻസൂഖിനെ കസ്റ്റഡിയിൽ എടുത്തു.

ബുധനാഴ്ചയാണ് സംഭവം. ഓപറേഷൻ തിയറ്ററിലെ അലമാരയിൽനിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ തുറന്നുനോക്കിയപ്പോഴാണ് ഭാരതിവാലയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ പൊലീസിൽ വിവരം അറിയിച്ചു. സിസിടിവി പരിശോധിച്ചപ്പോൾ യുവതി ഒറ്റയ്ക്കല്ല ആശുപത്രിയിൽ വന്നതെന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മൻസൂഖിന് ഭാരതിവാലയുടെ മാതാപിതാക്കളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു

ആറ് വർഷം മുൻപ് വിവാഹിതയായ ഭാരതി കുടുംബവഴക്കിനെ തുടർന്ന് ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്കെത്തുകയായിരുന്നു. കാലുവേദനയെ തുടർന്ന് ചാമ്പ വാല മകൾക്കൊപ്പം മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ചെവി പരിശോധനയ്ക്കായി ഈ ആശുപത്രിയിൽ എത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ 9ന് ആശുപത്രി ഉടമ ഡോ. അർപിത് ആശുപത്രി വിട്ട ശേഷം, 9.30 നും 10.30 നും ഇടയിലാണ് കൊലപാതകം നടന്നതായി സംശയിക്കുന്നത്. ഈ സമയത്ത് സിസിടിവി പ്രവർത്തിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.