യാത്രാ സൗകര്യമില്ല; എംഎൽ‌എയ്ക്ക് പരാതി നൽകി 12കാരി: പിന്നാലെ കാറിടിച്ച് മരിച്ചു

Advertisement

ബെംഗളൂരു∙ യാത്രാ സൗകര്യമില്ലെന്ന് എംഎൽഎക്കു പരാതി നൽകിയ എട്ടാം ക്ലാസ് വിദ്യാർഥിനിക്കു സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ കാറിടിച്ച് ദാരുണാന്ത്യം. ബെളഗാവിയിലെ ശിവന്നൂർ ഗ്രാമത്തിലാണു സംഭവം. 12 വയസ്സുകാരി അക്കവ്വ ഹുളികെട്ടി ആണ് മരിച്ചത്. സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന അക്കവ്വയെ കാർ ഇടിക്കുകയായിരുന്നു.

ഗ്രാമത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കിട്ടൂർ എംഎൽഎ ദൊണ്ഡഗൗഡർ മഹന്തേഷിനു 14 ദിവസങ്ങൾക്കു മുൻപ് അക്കവ്വ പരാതി നൽകിയിരുന്നു. തകർന്ന റോഡുകളിലൂടെയുള്ള യാത്ര സുരക്ഷിതമല്ലെന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ എംഎൽഎയുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടായില്ല. അപകടത്തിനു പിന്നാലെ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.