കഴിഞ്ഞ കൊല്ലം ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിട്ടത് ഇന്ത്യൻ സർക്കാർ

Advertisement


ന്യൂഡൽഹി: 2022ൽ കൂടുതൽ സൈബർ ആക്രമണങ്ങൾ കേന്ദ്രസർക്കാർ നേരിട്ടതായി റിപ്പോർട്ട്. CloudSEK XVigil ന്റെ റിപ്പോർട്ട് അനുസരിച്ച്, 2022 ന്റെ രണ്ടാം പകുതിയിൽ ലോകമെമ്പാടുമുള്ള സർക്കാർ സംവിധാനങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങളിൽ 95 ശതമാനം വർധനയുണ്ടായി. മൊത്തം ആക്രമണങ്ങളിൽ 40 ശതമാനവും ഇന്ത്യ, യുഎസ്എ, ഇന്തോനേഷ്യ, ചൈന എന്നി രാജ്യങ്ങൾക്കെതിരെയായിരുന്നു.

2022-ൽ സൈബർ അക്രമികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിട്ട രാജ്യം ഇന്ത്യയാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കാരണം സൈബർ ആക്രമണങ്ങളിൽ 13.7 ശതമാനവും ഇന്ത്യൻ സ്ഥാപനങ്ങൾക്ക് നേരെയാണ്. ഡ്രാഗൺ ഫോഴ്‌സ് മലേഷ്യയുടെ #OpIndia, #OpsPatuk കാമ്പെയ്‌നുകളാണ് ആക്രമണങ്ങളുടെ കുതിപ്പിന് പ്രധാനമായും കാരണമായത്. നിരവധി ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പുകൾ ഈ കാമ്പെയ്‌നുകളിൽ ചേരുകയും പിന്തുണക്കുകയും ചെയ്തു. ഇന്ത്യയിലെ സർക്കാർ ഏജൻസികൾ വിപുലമായ ഫിഷിംഗ് കാമ്പെയ്‌നുകളുടെ ഇരകളായി മാറിയിരിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കാനുള്ള പ്രധാന കാരണം സർക്കാർ മേഖലയിലെ അതിവേഗ ഡിജിറ്റലൈസേഷനാണെന്നും റിപ്പോർട്ട് പറയുന്നു. കോവിഡ് -19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇത് വളരെ വേഗത്തിലാണ്. 2022-ൽ ഹാക്ക്ടിവിസ്റ്റ് പ്രവർത്തനത്തിൽ ഗണ്യമായ വർധനയുണ്ടായി, ഇത് സർക്കാർ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഒൻപത് ശതമാനമാണ്. മാത്രമല്ല, സൈബർ ആക്രമണങ്ങളുടെ ഉദ്ദേശ്യവും വർഷങ്ങളായി മാറിയിട്ടുണ്ട്. സാമ്പത്തിക ആനുകൂല്യങ്ങളെന്ന ലക്ഷ്യത്തിന് പുറമേ ഹാക്ക്ടിവിസ്റ്റ് പ്രവർത്തനത്തിൽ” വർദ്ധനവുണ്ടായതായി റിപ്പോർട്ട് എടുത്തുകാട്ടി. ഹാക്ക്ടിവിസ്റ്റ് എന്നത് “ഹാക്കിംഗ്”, “ആക്ടിവിസ്റ്റ്” എന്നിവയിൽ നിന്നാണ് രൂപം കൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയമോ സാമൂഹികമോ ആയ കാരണങ്ങളാൽ നടത്തുന്ന ഹാക്കിംഗിനെ സൂചിപ്പിക്കുന്നു. ransomware ആക്രമണങ്ങളിലും വർധനവുണ്ടായി, LockBIT ആയിരുന്നു ഏറ്റവും പ്രമുഖ ransomware ഓപ്പറേറ്റർ.