കാട്ടിൽനിന്ന് കിട്ടിയ എല്ലുകളും മുടിയും ശ്രദ്ധയുടേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്

Advertisement

ന്യൂഡൽഹി: ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസിൽ ഡിഎൻഎ ഫലം പുറത്ത്. ഡൽഹിയിലെ കാട്ടിൽനിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കൊല്ലപ്പെട്ട ശ്രദ്ധ വോൾക്കറുടേത് തന്നെയെന്ന് തെളിഞ്ഞു.

ഗുഡ്ഗാവ്, മെഹ്‌റൗളി ഉൾപ്പെടുന്ന വനമേഖലയിൽനിന്നാണ് ശ്രദ്ധയുടെ എല്ലുകളും മുടിയും കണ്ടെത്തിയത്. ഡിഎൻഎ വേർതിരിച്ചെടുക്കാൻ കഴിയാത്ത നിലയിലായതിനാൽ ഡിഎൻഎ മൈറ്റോകോൺട്രിയൽ പ്രൊഫൈലിങ്ങിനായി ഹൈദരാബാദിലേക്ക് അയയ്ക്കുകയായിരുന്നു. ഇതു ശ്രദ്ധയുടെ പിതാവിന്റെയും സഹോദരന്റെയും സാംപിളുമായി പൊരുത്തപ്പെട്ടതായി ഡൽഹി സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹോഡ അറിയിച്ചു.

ഡൽഹിയിലെ മെഹ്റോളിയിൽ മേയ് 18നാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. പങ്കാളി അഫ്‌താബ് അമീൻ പൂനവാല (28) ശ്രദ്ധയെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കുകയായിരുന്നു. മൂന്ന് ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. മകളെ തട്ടിക്കൊണ്ടു പോയതായി കാട്ടി ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വോൾക്കർ നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് അഫ്‌താബ് അമീൻ പൂനവാലയെ അറസ്റ്റ് ചെയ്‌തത്. ഇയാൾ ഇപ്പോൾ ജയിലിലാണ്.

മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണു ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഈ വർഷമാദ്യം ഇവർ ഡൽഹിയിലേക്കു താമസം മാറ്റുകയായിരുന്നു.

Advertisement