ജമ്മുവിൽ ഭീകരാക്രമണം രൂക്ഷം; 1,800 സിആർപിഎഫ് ജവാൻമാരെ വിന്യസിക്കും

Advertisement

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സാധാരണക്കാരെ ഭീകരർ വധിക്കുന്നത് വർധിച്ചതോടെ കൂടുതൽ സേനയെ വിന്യസിക്കാൻ കേന്ദ്രം. 18 കമ്പനി സിആർപിഎഫ് ജവാൻമാരെയാണ് കൂടുതലായി ജമ്മു കശ്മീരിലേക്ക് അയയ്ക്കുന്നത്. 1,800 സൈനികരെ പൂഞ്ച്, രജൗറി ജില്ലകളിലായി വിന്യസിക്കും. ജമ്മു കശ്മീരിലെ മറ്റുസ്ഥലങ്ങളിലുള്ള 8 കമ്പനി സൈനികർ ഉടൻ ഇവിടെ എത്തും. 10 കമ്പനിയെ ഡൽഹിയിൽനിന്ന് അയയ്ക്കും.

ജമ്മു മേഖലയിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായതിനെത്തുടർന്നാണു കൂടുതൽ സൈനികരെ വിന്യസിക്കുന്നത്. ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച രാവിലെയുമായി രജൗറിയിലെ ദാഗ്രി ഗ്രാമത്തിലുണ്ടായ ആക്രമണങ്ങളിൽ രണ്ട് കുട്ടികളുൾപ്പെടെ ആറു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. കൂടാതെ പല സ്ഥലത്തും സ്ഫോടക വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. രണ്ട് ആക്രമണങ്ങളിലുമായി 12 പേർക്കാണ് പരുക്കേറ്റത്.

ഞായറാഴ്ച വൈകിട്ട് അടുത്തടുത്തുള്ള വീടുകളിലേക്കു ഭീകരർ വെടിയുതിർക്കുകയായിരുന്നു. രണ്ട് ഭീകരരർ ചേർന്നു നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ആറു പേർക്കു പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിലാണു രണ്ട് പേർ കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുൻപ് സൈനിക ക്യാംപിനു സമീപത്തുണ്ടായ ആക്രമണത്തിലും രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

സൈന്യവും സിആർപിഎഫും ചേർന്നു നടത്തിയ തിരച്ചിലിൽ രണ്ടു ഭീകരരെ പിടികൂടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും കുടുംബത്തിലെ ഒരാൾക്കു സർക്കാർ ജോലിയും ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പ്രഖ്യാപിച്ചു. എൻഐഎയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.