‘ഇത് അച്ഛന്റെ ഓഫിസ്, ഇതാണ് ജോലി’:‌ പെൺമക്കളുമായി ചന്ദ്രചൂഡ് കോടതിയിൽ

Advertisement

ന്യൂഡൽഹി: സുപ്രീം കോടതിയിൽ വന്ന രണ്ട് അതിഥികൾ മുതിർന്ന ജഡ്ജിമാരുടെയും അഭിഭാഷകരുടെയും മനം കവർന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പെൺമക്കളാണു സുപ്രീംകോടതിയിലെത്തിയത്. തന്റെ രണ്ട് ദത്തുപുത്രികളുമായി ചന്ദ്രചൂഡ് രാവിലെത്തന്നെ കോടതിയിൽ എത്തുകയായിരുന്നു.

രാവിലെ പത്തോടെ പബ്ലിക് ഗാലറിയിൽനിന്നു മക്കളെ കോടതി മുറിയിലേക്കും ചന്ദ്രചൂഡ് കൊണ്ടുവന്നു. ഭിന്നശേഷിക്കാരായ മഹി (16), പ്രിയങ്ക (20) എന്നിവരെ ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതിമുറി കാണിച്ചുകൊടുത്തു. കോടതി നടപടികളും വിശദീകരിച്ചു. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഇരിപ്പിടങ്ങളും കാണിച്ചു. ചേംബറിൽ കൊണ്ടുപോയി തന്റെ ഓഫിസിന്റെ പ്രവർത്തനങ്ങളും പറഞ്ഞു കൊടുത്തു.

സുപ്രീംകോടതി കാണണമെന്നു മക്കൾ ആവശ്യപ്പെട്ടതോടെയാണ് അവരെ ചന്ദ്രചൂഡ് കൊണ്ടുവന്നതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ 50–ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് നവംബർ 9ന് ആണു ചുമതലയേറ്റത്. 2024 നവംബർ 10 വരെ കാലാവധിയുണ്ട്. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ്.