ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ശരീരത്തിൽ മദ്യലഹരിയിൽ മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കർ മിശ്രയെ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽനിന്ന് പുറത്താക്കി. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര. ഇയാൾക്കായി ഡൽഹി പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കി. കേസിൽ 4 എയർ ഇന്ത്യ ജീവനക്കാരുടെ മൊഴിയെടുത്തു.
യാത്രക്കാർ മോശമായി പെരുമാറുന്ന സംഭവങ്ങളിൽ നടപടിക്കായി ഡിജിസിഎ മാർഗരേഖ പുറത്തിറക്കി. സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, പൊതുയിടത്തിൽ അപമര്യാദയായി പെരുമാറൽ, എയർക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മിശ്രയ്ക്കെതിരെ കേസെടുത്തത്. സംഭവം കമ്പനിയുടെ പ്രതിച്ഛായ്ക്ക് മങ്ങലേൽപ്പിച്ചതോടെ, യാത്രക്കാരുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായാൽ ഉടൻ റിപ്പോർട്ടു ചെയ്യണമെന്നും നിയമപരമായ നടപടികളിൽ വിട്ടുവീഴ്ച പാടില്ലെന്നും എയർ ഇന്ത്യ സിഇഒ ജീവനക്കാർക്ക് കർശന നിർദേശം നൽകി.
നവംബർ 26നാണ് സംഭവം നടന്നതെങ്കിലും എയർ ഇന്ത്യ പൊലീസിൽ പരാതിപ്പെട്ടത് ജനുവരി നാലിനാണെന്ന് എഫ്െഎആറിൽ പറയുന്നു. ടാറ്റ ഗ്രൂപ്പ് ചെയർമാന് പരാതിക്കാരി നൽകിയ കത്ത് എഫ്ഐആറിൽ ഉൾപ്പെടുത്തി. സീറ്റ് മാറ്റി നൽകാൻ പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും വിമാന ജീവനക്കാർ സമ്മതിച്ചില്ല. ശങ്കർ മിശ്രയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു.