ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ഇതേ വിമാനത്തിൽ യാത്ര ചെയ്തിരുന്നവരാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. മൂത്രമൊഴിച്ചശേഷം ‘താൻ പെട്ടു’ എന്നു സഹയാത്രികനോട് പ്രതി ശങ്കർ മിശ്ര പറഞ്ഞതായും വെളിപ്പെടുത്തലുണ്ട്.
നവംബര്‍ 28, 30, ഡിസംബര്‍ 4 തീയതികളില്‍ പരാതിക്കാരിക്ക് ശങ്കർ മിശ്ര വാട്സാപ് സന്ദേശം അയച്ചിരുന്നു. 15,000 രൂപ നഷ്ടപരിഹാരം നല്‍കിയെങ്കിലും പരാതിക്കാരിയുടെ മകള്‍ അത് തിരിച്ച് നല്‍കി. വിമാന ടിക്കറ്റിന്‍റെ പണം തിരികെ നല്‍കാന്‍ പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും കുറച്ചു പണം മാത്രമാണ് എയര്‍ ഇന്ത്യ നല്‍കിയത്. ശങ്കര്‍ മിശ്ര അമിത മദ്യലഹരിയിലായിരുന്നു. ‘ആകെ കുഴഞ്ഞ മട്ടിലായിരുന്നു’ പെരുമാറിയിരുന്നത്. ഉച്ചഭക്ഷണ സമയത്ത് നാല് തവണ വിസ്കി കഴിച്ചു.
കുശലാന്വേഷണത്തിന്‍റെ പേരില്‍ ഒരേ ചോദ്യങ്ങള്‍ തന്നെ പലരോടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വിമാനത്തിലെ ലൈറ്റുകള്‍ അണച്ചപ്പോഴാണ് ശങ്കര്‍ മിശ്ര യാത്രക്കാരിയുടെ അടുത്ത് എത്തുകയും മൂത്രം ഒഴിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തത്. രംഗം വഷളായതോടെ ശങ്കര്‍ മിശ്ര സഹയാത്രികനോട് പറഞ്ഞു, ‘ബ്രോ, ഞാന്‍ പെട്ടു,
സംഭവം പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ മിശ്രയ്ക്കായി തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. മിശ്രയുടെയും ഭാര്യയുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ട് നിരീക്ഷണത്തിലായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് ഒരിടത്ത് ഉപയോഗിച്ചത് പൊലീസിന് തുമ്പായി. മിശ്രയുടെ പിതാവ് ശ്യാം, സഹപ്രവര്‍ത്തകര്‍ എന്നിവരെ ചോദ്യം ചെയ്തു. എയര്‍ ഇന്ത്യയുടെ നാല് ജീവനക്കാരുടെ മൊഴിയെടുത്തു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന സ്ഥാപനത്തിന്‍റെ ഇന്ത്യയിലെ വൈസ് പ്രസിഡന്‍റായിരുന്നു മിശ്ര. കഴിഞ്ഞ ദിവസം ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
നവംബര്‍ 26നാണ് 35കാരനായ ശങ്കര്‍ മിശ്ര മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. എയര്‍ ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയതാകട്ടെ ജനുവരി നാലിന്. എന്നാല്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ അടക്കം എണ്ണിപ്പറഞ്ഞ് പരാതിക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന് കത്തു നല്‍കിയിരുന്നു. ഈ കത്ത് എഫ്െഎആറില്‍ ഉള്‍പ്പെടുത്തി.
വിമാന ജീവനക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് യാത്രക്കാരി പറയുന്നു. ശങ്കര്‍ മിശ്ര മാപ്പു പറയുമെന്നും പ്രശ്നം ഒത്തുതീര്‍പ്പാക്കാം എന്നുമാണ് വിമാന ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ മാപ്പു പറയുന്നത് സ്വീകാര്യമായിരുന്നില്ലെന്ന് താന്‍ പറഞ്ഞതായി പരാതിക്കാരി വ്യക്തമാക്കി. വിമാനം ലാന്‍ഡ് ചെയ്താലുടന്‍ മിശ്രയെ അറസ്റ്റു ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കാബിന്‍ ക്രൂ മിശ്രയെയും പരാതിക്കാരിയെയും ഒന്നിച്ചിരുത്തി സംസാരിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തു.
പരാതി നല്‍കരുതെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ശങ്കര്‍ മിശ്ര അപേക്ഷിച്ചു. തനിക്ക് കുടുംബമുണ്ടെന്നും ഭാര്യയ്ക്കും മക്കള്‍ക്കും ഇതുമൂലം ചീത്തപ്പേര് ഉണ്ടാകരുതെന്നും അയാള്‍ പറഞ്ഞു. കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നതിനാല്‍ എന്ത് തീരുമാനം എടുക്കണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ മിശ്രയെ പോകാന്‍ അനുവദിക്കുകയും പരാതിക്കാരിയുടെ മൊബൈല്‍ നമ്പര്‍ മിശ്രയ്ക്ക് നല്‍കുകയും ചെയ്തു.