അഞ്ജലിയുടെ വീട്ടിൽ മോഷണം, ടിവിയടക്കം കൊണ്ടുപോയി; പിന്നിൽ നിധിയെന്ന് കുടുംബം

Advertisement

ന്യൂഡൽഹി: പുതുവത്സര രാവിലെയുണ്ടായ അപകടത്തിൽ വാഹനത്തിന്റെ അടിയിൽ കുടുങ്ങി മരിച്ച അഞ്ജലി സിങ്ങിന്റെ വീട്ടിൽ മോഷണം. ഇന്നു രാവിലെ കരൺ വിഹാറിലുള്ള അഞ്ജലിയുടെ വീടിന്റെ പൂട്ടു കുത്തിത്തുറന്ന് അകത്തു കടന്ന് എൽസിഡി ടിവി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചെന്ന് അഞ്ജലിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. അഞ്ജലിയുടെ സുഹൃത്തായ നിധിയാണ് മോഷണത്തിന് പിന്നിലെന്നും ഇവർ ആരോപിച്ചു. അപകടസമയത്തു അഞ്ജലിക്കൊപ്പം നിധിയുമുണ്ടായിരുന്നെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.

‘‘രാവിലെ ഏഴരയോടെ അയൽവാസികളാണ് മോഷണത്തെക്കുറിച്ച് ആദ്യം ഞങ്ങളെ അറിയിച്ചത്. ഞങ്ങൾ ഇവിടെയെത്തിയപ്പോൾ പൂട്ടു തകർത്ത നിലയിൽ കണ്ടെത്തി. എൽസിഡി ടിവിയും കിടക്കയുടെ അടിയിൽ അടുക്കി വച്ചിരുന്നു മറ്റു വീട്ടുപകരണങ്ങളും കാണാനില്ല. ടെലിവിഷൻ പുതിയതാണ്. വാങ്ങിയിട്ടു രണ്ടു മാസമേ ആയുള്ളൂ.’’– അഞ്ജലിയുടെ സഹോദരി മാധ്യമങ്ങളോടു പറ‍ഞ്ഞു. മറ്റൊരു കുടുംബാംഗം പൊലീസിനെതിരെ രംഗത്തെത്തി. ‘‘എന്തുകൊണ്ടാണ് ഇന്നലെ വീടിനു മുന്നിൽ പൊലീസ് സുരക്ഷ ഒരുക്കാതിരുന്നത്? കഴിഞ്ഞ 8 ദിവസമായി പൊലീസ് അവിടെ ഉണ്ടായിരുന്നു, പക്ഷേ ഇന്നലെ മാത്രം ആരുമുണ്ടായില്ല. നിധിയാണ് മോഷണത്തിന് പിന്നിലെന്നു സംശയിക്കുന്നു.’’– കുടുംബാംഗം പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ജനുവരി 1നു പുലർച്ചെയാണു മദ്യലഹരിയിൽ 5 യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ, സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് 12 കിലോമീറ്ററോളം വലിച്ചിഴച്ചത്. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിൽ സുൽത്താൻപുരിയിലെ കാഞ്ചവാലയിൽ നിന്നാണു കണ്ടെത്തിയത്. പുതുവത്സരാഘോഷത്തിനു ശേഷം ഹോട്ടലിൽനിന്നു രാത്രി അഞ്ജലിയും കൂട്ടുകാരിയായ നിധിയും കൂടി പുറത്തേക്കു വരുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. അപകടത്തിൽ തെറിച്ചുവീണ നിധിക്കു നിസ്സാര പരുക്കേറ്റെന്നും ഭയന്നുപോയ ഇവർ വേഗം വീട്ടിലേക്കു മടങ്ങുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. കേസിൽ ദൃക്സാക്ഷിയായ നിധിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന നിധിയുടെ വെളിപ്പെടുത്തലിനെതിരെയും കുടുംബം രംഗത്തെത്തിയിരുന്നു. നിധി പറയുന്നത് പച്ചക്കള്ളമാണെന്നും, നിധിക്കെതിരെ കൊലപാതകക്കുറ്റത്തിനു കേസെടുക്കണമെന്നും അഞ്ജലിയുടെ കുടുംബം ആവശ്യപ്പെട്ടു. ഇങ്ങനെയൊരു സുഹൃത്തിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടു പോലുമില്ലെന്നും അഞ്ജലിയുടെ കുടുംബം വ്യക്തമാക്കി.

പാർട്ടിക്കിടെ അഞ്ജലി സിങ് മദ്യപിച്ചിരുന്നതായും എന്നിട്ടും സ്കൂട്ടറിൽ തിരികെ പോകണമെന്ന് നിർബന്ധം പിടിച്ചെന്നുമായിരിുന്നു നിധിയുടെ വെളിപ്പെടുത്തൽ. കേസിൽ ഏഴു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കാറിലുണ്ടായിരുന്ന അഞ്ച് പേരേയും ഇവരെ സഹായിച്ച രണ്ടു പേരുമാണ് പിടിയിലായത്. 18 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Advertisement